ദേശീയ ഗെയിംസ്: പെലെയെ പങ്കെടുപ്പിക്കാന്‍ ശ്രമം

Posted on: August 30, 2014 12:59 am | Last updated: August 30, 2014 at 12:59 am

peleകൊച്ചി: 35-ാമത് ദേശീയ ഗെയിംസ് ലോകശ്രദ്ധയാകര്‍ഷിക്കാന്‍ വേണ്ടുന്ന നടപടിക്രമങ്ങളാണ് അണിയറയില്‍ നടക്കുന്നത്. ഫുട്ബാള്‍ ഇതിഹാസം പെലെയെ കൊണ്ടുവരുന്നതിനുള്ള ആലോചന നടക്കുന്നുവെന്ന സൂചനയാണ് വിദേശ മലയാളികളുടെ പങ്ക് ഉറപ്പാക്കുന്നതിനായി ബോള്‍ഗാട്ടി പാലസില്‍ സംഘടിപ്പിച്ച പ്രവാസി മീറ്റ് നല്‍കിയത്. ഇതിന് വേണ്ട സഹായം ലഭ്യമാക്കാമെന്ന് പ്രവാസി മലയാളിയും ഫിഫ മീഡിയ പ്രമോട്ടര്‍ കൂടിയായിരുന്ന ഡോ.മുഹമ്മദ് ഘാന്‍ പറഞ്ഞു. ദേശീയ ഗെയിംസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ്പ് എം ഡി എം എ യൂസുഫലി ഒരു കോടി രൂപയുടെ സഹായം വാഗ്ദാനം ചെയ്തു.
ഗെയിംസിനായുള്ള മുന്നൊരുക്കങ്ങള്‍ തൃപ്തികരമായി നടക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അടിസ്ഥാന സൗകര്യ വികസനങ്ങളും മുന്നൊരുക്കങ്ങളും 70 ശതമാനം പൂര്‍ത്തിയായിട്ടുള്ളതായി ദേശീയ ഗെയിംസ് സെക്രട്ടേറിയറ്റ് അറിയിച്ചിട്ടുണ്ട്. ദേശീയ ഗെയിംസില്‍ മെഡല്‍ നേടുന്ന എല്ലാ കായിക താരങ്ങള്‍ക്കും പ്രത്യേക അംഗീകാരം നല്‍കുന്നതിനുള്ള ആലോചനകള്‍ നടന്നു വരുന്നതായും മുഖ്യമന്ത്രി കൊച്ചിയില്‍ പറഞ്ഞു. കായിക ഇനങ്ങള്‍ക്ക് കേരളത്തില്‍ വലിയ പ്രാധാന്യമുണ്ട്. കായിക മേഖലയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ അവസരമാണ് ദേശീയ ഗെയിംസിലൂടെ കൈവന്നിരിക്കുന്നത്. കേരളത്തിലെ പരമാവധി ജനങ്ങളെ ഗെയിംസ് കാണുന്നതിനും മറ്റുമായി പങ്കെടുപ്പിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ജോലികളും മറ്റുതിരക്കുകളുമായി അന്യ സംസ്ഥാനങ്ങളില്‍ കളിക്കേണ്ടി വന്ന മലയാളി കായികതാരങ്ങളുള്‍പ്പെടെയുള്ളവരെ ദേശീയ ഗെയിംസിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുന്നതായി കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഗെയിംസിന്റെ വരവറിയിച്ച് ഒരു കോടി ജനങ്ങളെ പങ്കെടുപ്പിച്ച് കൂട്ടയോട്ടം സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഒന്നര വര്‍ഷത്തിനകം ദേശീയ ഗെയിംസിന്റെ 70 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായതായി ഗെയിംസ് സി.ഇ.ഒ ജേക്കബ് പുന്നൂസ് പറഞ്ഞു.
36 കായിക ഇനങ്ങളിലായി 8500 ലേറെ മത്സരാര്‍ഥികളാണ് ഗെയിംസില്‍ പങ്കെടുക്കുക. 6000 മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഔദ്യോഗിക ഭാഗത്തുനിന്നും 25,000ത്തിലേറെ പേരുടെ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.
ഏഴു ജില്ലകളിലായി 32 വേദികളിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. മലബാറിലെ ആദ്യ സിന്തറ്റിക് അത്‌ലറ്റിക് ട്രാക്കായ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ട്, ആദ്യ പബ്ലിക്ക് സ്‌ക്വാഷ് സ്റ്റേഡിയം, തൃശൂരില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, കൊല്ലം കോര്‍പ്പറേഷന്‍ സ്റ്റേഡിയം, കോഴിക്കോട് ഫുഡ്‌ബോള്‍ സ്റ്റേഡിയം, തിരുവനന്തപുരം സ്റ്റേഡിയത്തിന് സമീപത്തായി നീന്തല്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, തിരുവനന്തപുരം ജി വി രാജ സ്റ്റേഡിയം തുടങ്ങിയവയെല്ലാം നിര്‍മാണം പൂര്‍ത്തീകരിച്ചവയാണ്. ബാസ്‌കറ്റ് ബാള്‍, റെസലിംങ് കോര്‍ട്ട്, ടെന്നീസ് കോര്‍ട്ട്, ഹോക്കി ഗ്രൗണ്ട്, സൈക്ലിംങ്, വട്ടിയൂര്‍കാവ് ഷൂട്ടിംങ് റേഞ്ച് തുടങ്ങിയവയുടെ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണെന്നും ജോക്കബ് പുന്നൂസ് പറഞ്ഞു.
മന്ത്രിമാരായ മഞ്ഞളാംകുഴി അലി, കെ ബാബു, കെ സി ജോസഫ്, എം പിമാരായ പ്രൊഫ.കെ വി തോമസ്, പി രാജീവ്, എം എല്‍ എമാരായ ഹെബി ഈഡന്‍, ഡൊമിനിക് പ്രസന്റേഷന്‍, മേയര്‍ ടോണി ചമ്മിണി, നോര്‍ക്ക വൈസ് ചെയര്‍മാന്‍ കൂടിയായ എം എ യൂസുഫലി, ഡെപ്യൂട്ടി മേയര്‍ ബി ഭദ്ര, കേരള ഒളിംപിക് ഓസോസിയേഷന്‍ പ്രസിഡന്റ് എം എം അബ്ദുള്‍ റഹ്മാന്‍, പ്രവാസി മലയാളികളായ സാവിയോ മാര്‍ട്ടിന്‍, പി എ ഇബ്രാഹീം ഹാജി, ഷോജി മാത്യു, പി ശങ്കരനാരായണന്‍, എല്‍ദോസ് മത്തായി തുടങ്ങിയവര്‍ സംസാരിച്ചു.