ടൈറ്റാനിയം: സര്‍ക്കാര്‍ അപ്പീല്‍ പോകണം- കെ മുരളീധരന്‍

Posted on: August 30, 2014 12:07 am | Last updated: August 30, 2014 at 12:07 am

muraleedaranതിരുവനന്തപുരം: ടൈറ്റാനിയം കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് കെ മുരളീധരന്‍ എം എല്‍ എ. രമേശ് ചെന്നിത്തലയെ കേസില്‍ കക്ഷി ചേര്‍ക്കേണ്ടതില്ല. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചെന്നിത്തല വിജിലന്‍സ് വകുപ്പ് ഒഴിയേണ്ട സാഹചര്യമില്ല. കെ പി സി സി അധ്യക്ഷനായിരുന്ന ചെന്നിത്തല എങ്ങനെയാണ് കേസില്‍ പ്രതിയാകുന്നത്. സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി ഒരിക്കലും ഇടപെടാറില്ല. കേസില്‍ വിജിലന്‍സ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
ടൈറ്റാനിയം കേസിലെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആരും രാജി വെക്കേണ്ട ആവശ്യമില്ല. വിജിലന്‍സ് കോടതി വിധിയില്‍ നിരവധി പൊരുത്തക്കേടുകളുണ്ട്. കോടതിയില്‍ നിന്ന് ഓരോ പരാമര്‍ശം വരുമ്പോഴും രാജി വെക്കാന്‍ തുടങ്ങിയാല്‍ അതിന് മാത്രമേ സമയം കാണൂ. ആര്‍ക്കും ഭരിക്കാന്‍ കഴിയില്ല. കരുണാകരന്റെ കാലത്ത് ഉണ്ടായ കാര്യങ്ങളും ഇപ്പോഴത്തെ കാര്യങ്ങളും കൂട്ടിക്കുഴക്കേണ്ടെന്നും അതെല്ലാം തങ്ങളുടെ സ്വകാര്യ ദുഃഖമാണെന്നും അദ്ദേഹം പറഞ്ഞു.