സിറിയന്‍ അഭയാര്‍ഥികള്‍ 30 ലക്ഷം കവിഞ്ഞു

Posted on: August 30, 2014 12:29 am | Last updated: August 29, 2014 at 10:30 pm

ദമസ്‌കസ്: സിറിയയിലെ ആഭ്യന്തര കലാപം കാരണം അഭയാര്‍ഥികളായവരുടെ എണ്ണം 30 ലക്ഷം കവിഞ്ഞതായി ഐക്യരാഷ്ട്ര സഭ. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പത്ത് ലക്ഷം പേരാണ് അഭയാര്‍ഥികളായത്. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മാനവിക അടിയന്തരാവസ്ഥയാണ് ഈ പ്രതിസന്ധിയെന്ന് അഭയാര്‍ഥികള്‍ക്ക് വേണ്ടിയുള്ള യു എന്‍ ഹൈക്കമ്മീഷണര്‍ (യു എന്‍ എച്ച് സി ആര്‍) അന്റോണിയോ ഗുതേഴ്‌സ് ചൂണ്ടിക്കാട്ടി. 2011 മാര്‍ച്ചില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചത് മുതല്‍ ഇതുവരെ പകുതി സിറിയക്കാരും ഭവനരഹിതരായിട്ടുണ്ട്.
സിറിയന്‍ അഭയാര്‍ഥികളുടെ അവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ലോകം പരാജയപ്പെട്ടിരിക്കുന്നുവെന്ന് അന്റോണിയോ ഗുതേഴ്‌സ് പറഞ്ഞു. സിറിയ വന്‍തോതില്‍ സഹായം ആവശ്യപ്പെടുന്നു. എന്നാല്‍ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ലോക ജനത പരാജയപ്പെട്ടുവെന്നതാണ് കയ്‌പേറിയ സത്യം. 64 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യമാണ് സിറിയന്‍ അഭയാര്‍ഥികളെ സംരക്ഷിക്കാന്‍ യു എന്‍ പദ്ധതിയിടുന്നത്. 65 ലക്ഷം പേരാണ് ഭവനരഹിതരായത്. യുദ്ധത്തിന് മുമ്പുള്ള ജനസംഖ്യ 2.3 കോടിയാണ്. ഇതുവെച്ച് നോക്കുമ്പോള്‍ വീട് നഷ്ടപ്പെട്ടവരുടെ എണ്ണം 30 ശതമാനം വരും. ഇവരില്‍ പകുതിയും കുട്ടികളാണ്. മരിച്ചവരുടെ എണ്ണം 1.91 ലക്ഷം കടന്നിട്ടുണ്ട്.
ഭൂരിപക്ഷം അഭയാര്‍ഥികളും അയല്‍ രാഷ്ട്രങ്ങളിലേക്കാണ് പോകുന്നത്. ലബനനില്‍ 11.4 ലക്ഷം പേരും ജോര്‍ദാനില്‍ 6,08,000 പേരും തുര്‍ക്കിയില്‍ 8,15,000 പേരും ഉണ്ട്. ഇവര്‍ക്ക് താമസ സൗകര്യമൊരുക്കാന്‍ ഈ രാഷ്ട്രങ്ങള്‍ നന്നേ ബുദ്ധിമുട്ടുന്നുണ്ട്. 40 ശതമാനം അഭയാര്‍ഥികളും താമസിക്കുന്നത് മോശം ചുറ്റുപാടിലാണ്. ഇസില്‍ വിമതര്‍ പ്രദേശം പിടിച്ചെടുത്തതിനെ തുടര്‍ന്ന് ഇറാഖിലെ അല്‍ ഉബൈദി അഭയാര്‍ഥി ക്യാമ്പിലെ നൂറുകണക്കിന് സിറിയക്കാര്‍ ദുരിതയാതന അനുഭവിക്കുകയാണ്. ഇവിടെ യു എന്നിന്റെയും മറ്റ് ഏജന്‍സികളുടെയും പ്രവര്‍ത്തനം നിലച്ചിട്ടുണ്ട്.
ഭരണകൂട ക്രൂരതയുടെയും പ്രതിപക്ഷ വിധ്വംസനത്തിന്റെയും അന്താരാഷ്ട്ര പരാജയത്തിന്റെയും 30 ലക്ഷം ആക്ഷേപങ്ങളെയാണ് സിറിയയിലെ അഭയാര്‍ഥികളുടെ എണ്ണം 30 ലക്ഷമായി എന്നത് പ്രതിനിധാനം ചെയ്യുന്നതെന്ന് ബ്രിട്ടീഷ് മുന്‍ വിദേശകാര്യ സെക്രട്ടറിയും അന്താരാഷ്ട്ര രക്ഷാ കമ്മിറ്റിയുടെ മേധാവിയുമായ ഡേവിഡ് മിലിബാന്‍ഡ് ചൂണ്ടിക്കാട്ടി.