Connect with us

Gulf

സുരക്ഷാ പ്രശ്‌നം;പുതിയ ഡെബിറ്റ് കാര്‍ഡുകള്‍ കരസ്ഥമാക്കാന്‍ ബേങ്കുകളുടെ നിര്‍ദേശം

Published

|

Last Updated

ദുബൈ: എ ടി എമ്മുകളിലും മറ്റും ഉപയോഗിക്കുന്ന ഡെബിറ്റ് കാര്‍ഡുകള്‍ മാറ്റിവാങ്ങാന്‍ ബേങ്കുകളുടെ നിര്‍ദേശം. എക്കൗണ്ട് സുരക്ഷിതത്വം നിലനിര്‍ത്താനാണിതെന്ന് ബേങ്ക് അധികൃതര്‍ പറയുന്നു.
എമിറേറ്റ്‌സ് എന്‍ ബി ഡി, സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബേങ്ക് എന്നിവ പഴയ ഡെബിറ്റ് കാര്‍ഡിന് പകരം പുതിയവ നല്‍കിത്തുടങ്ങിയിട്ടുണ്ട്. യു എ ഇ കേന്ദ്ര ബേങ്കിന്റെ നിര്‍ദേശ പ്രകാരമാണിത്. ചില ഡെബിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടതും പുതിയ കാര്‍ഡുകള്‍ ഇറക്കാന്‍ ബേങ്കുകളെ പ്രേരിപ്പിച്ച ഘടകമാണ്. സുരക്ഷിതത്വം ഏറെയുള്ള കാര്‍ഡുകളാണ് ഇപ്പോള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ചില കാര്‍ഡുകള്‍ നേരത്തെ തന്നെ പ്രവര്‍ത്തന രഹിതമാക്കപ്പെട്ടു.
ഫോണ്‍ ബേങ്കിംഗ് വഴിയാണ് പുതിയ കാര്‍ഡിന് അപേക്ഷിക്കേണ്ടത്. തപാല്‍വഴി പുതിയ കാര്‍ഡും പിന്‍കോഡും എത്തും. ഒരാഴ്ച വേണ്ടിവരുമെന്നതാണ് പലരെയും പ്രയാസത്തിലാക്കുന്നത്.
പഴയ ചെക്ക് ബുക്കുകള്‍ മാറ്റി പുതിയവ കരസ്ഥമാക്കണമെന്ന് രണ്ടു വര്‍ഷം മുമ്പുതന്നെ എക്കൗണ്ട് ഉടമകളോട് ബേങ്കുകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ ചില ബേങ്ക് എക്കൗണ്ടുകളുടെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടതായി സംശയിക്കുന്നു.
സൈബര്‍ കുറ്റവാളി സംഘങ്ങളാണ് വിവരങ്ങള്‍ ചോര്‍ത്തിയത്. 2012ല്‍ ബേങ്ക് മക്‌സത്ത്, റാക് ബേങ്ക് എന്നിവിടങ്ങളില്‍ നിന്ന് പണം ചോര്‍ത്തിയിരുന്നു. വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍ നിര്‍മിച്ച് വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നായാണ് പണം ചോര്‍ത്തിയത്.