Connect with us

Kozhikode

ഹരിതോത്സവം @ കോഴിക്കോട് പദ്ധതിക്ക് തുടക്കമായി

Published

|

Last Updated

കോഴിക്കോട്: കാര്‍ഷിക രംഗത്ത് ജില്ലയുടെ സ്വയംപര്യാപതതയും വികസനവും ലക്ഷ്യമിട്ടും വിഷമയമല്ലാത്ത കൃഷി പ്രൊത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി ജില്ലാ ഭരണകൂടം നടപ്പാക്കുന്ന “ഹരിതോത്സവം @ കോഴിക്കോട്” പദ്ധതിക്ക് തുടക്കമായി. വേങ്ങേരി മൊത്തവിപണന കേന്ദ്രത്തില്‍ മേയര്‍ എ കെ പ്രേമജവും ചലച്ചിത്രതാരം മാമുക്കോയയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.
കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന വന്യമൃഗങ്ങളെ വിരട്ടിയോടിക്കാന്‍ പോലും പറ്റാത്ത തരത്തിലാണ് രാജ്യത്തെ നിയമമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മാമുക്കോയ പറഞ്ഞു. തന്റെ കൃഷിയിടത്തിലെ അറുപതോളം വാഴകള്‍ കാട്ടുപന്നിക്കൂട്ടം നശിപ്പിക്കുകയുണ്ടായി. പേടിച്ചിട്ടാണ് ഒന്നും മിണ്ടാതിരുന്നത്. വഴക്കുപറഞ്ഞതിനു കേസ് വന്നാലോ. സദസ്സില്‍ ചിരി പടര്‍ത്തി മാമുക്കോയ പറഞ്ഞു. വിഷവിമുക്തമായത് ഭക്ഷിക്കണമെങ്കില്‍ സ്വന്തമായി കൃഷി ചെയ്യണം. ഇങ്ങനെ കൃഷി ചെയ്യുമ്പോള്‍ ചിലപ്പോള്‍ സാമ്പത്തികമായി നഷ്ടം സംഭവിച്ചേക്കാം. എന്നാലും മനസ്സിനു നല്ല സംതൃപ്തി കിട്ടും. 50 രൂപയുടെ തക്കാളി കൃഷി ചെയ്തുണ്ടാക്കാന്‍ ചിലപ്പോള്‍ അഞ്ഞൂറു രൂപ വരെ ചെലവായേക്കാം. എന്നിരുന്നാലും നഷ്ടം വരുന്ന 450 രൂപ ക്ക് കോടികളുടെ വിലവരുന്ന സന്തോഷം നല്‍കാനാകുമെന്ന് മാമുക്കോയ കൂട്ടിച്ചേര്‍ത്തു.
പദ്ധതിയുടെ ഭാഗമായി വിഷവിമുക്തമായ പച്ചക്കറികള്‍ ലഭ്യമാക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫീസ് പരിസരങ്ങളിലും ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളില്‍ കൃഷി ചെയ്യുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഉപയോഗിക്കാതെ കിടക്കുന്ന തരിശുഭൂമികളില്‍ കൃഷി ചെയ്യാന്‍ ഉടമകളെ പ്രോത്സാഹിപ്പിക്കും. ആവശ്യമായ സഹായങ്ങളും ശാസ്ത്രീയ നിര്‍ദേശങ്ങളും കൃഷി വകുപ്പ് മുഖേന നല്‍കും. കൃഷിയുടെ ആവശ്യകതയെക്കുറിച്ച് പുതുതലമുറയെ ബോധ്യപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യും.
ചടങ്ങില്‍ കലക്ടര്‍ സി എ ലത അധ്യക്ഷത വഹിച്ചു. ഹരിതോത്സവം @ കോഴിക്കോട് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്കും കര്‍ഷക സംഘടനകള്‍ക്കുമുള്ള പരിശീലന പരിപാടി അടുത്ത മാസം 17ന് രാവിലെ 10 മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് കലക്ടര്‍ പറഞ്ഞു. 180 ലധികം പേര്‍ ഇതുവരെ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 280 ഏക്കറോളം പ്രദേശത്ത് ആദ്യഘട്ടത്തില്‍ കൃഷി ചെയ്യുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
അഞ്ച് ഏക്കര്‍ പ്രദേശത്ത് കൃഷി ചെയ്യുന്നതിനായി കര്‍ഷക സംഘടനയായ നിറവും പ്രോവിഡന്‍സ് കോളജിലെ യൂത്ത് ഫാര്‍മേഴ്‌സ് ക്ലബ്ബും നല്‍കിയ സമ്മതപത്രം കലക്ടര്‍ ഏറ്റുവാങ്ങി. ഗ്രോബാഗുകളുടെ വിതരണവും നടന്നു. കൃഷി വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി കെ രഞ്ജിനി, എ ഡി എം. കെ രാധാകൃഷ്ണന്‍ പ്രസംഗിച്ചു.

Latest