കോവിലകത്തുംപാടം നാലുവരിപാത തകരുന്നു

Posted on: August 29, 2014 1:18 am | Last updated: August 29, 2014 at 1:18 am

തൃശൂര്‍: കോവിലകത്തുംപാടം നാലുവരിപാത തകരുന്നു. പാടം നികത്തിയെടുത്തുണ്ടാക്കിയ റോഡ് അമിതഭാര വാഹനപ്രവാഹത്തില്‍ താഴെക്കിരിക്കുകയാണ്. റോഡിലാകെ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു.
അടിയന്തര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ഗതാഗതം താറുമാറാകുമെന്ന് പൊതുമരാമത്ത് അധികൃതര്‍ തന്നെ പറയുന്നു. പാടം നികത്തി റോഡുണ്ടാക്കുമ്പോള്‍ സ്വീകരിക്കേണ്ട ഗുണനിലവാരം പാലിക്കാത്തതാണ് റോഡ് താഴെക്കിരിക്കാന്‍ കാരണമെന്ന് എന്‍ജിനീയര്‍മാര്‍ ചൂണ്ടികാട്ടുന്നു.
20 വര്‍ഷം മുമ്പ് തൃശൂര്‍ നഗരവികസന അതോറിറ്റിയാണ് റോഡ് നിര്‍മാണം നടത്തിയത്. 72ല്‍ നഗരസഭ അംഗീകരിച്ച മാസ്റ്റര്‍പ്ലാനിന് വിധേയമായി 84ല്‍ അതോറിറ്റി തയാറാക്കിയ ഡി ടി പി സ്‌കീം അനുസരിച്ചാണ് നാലുവരിപ്പാത നടപ്പാക്കിയത്. റോഡ് വികസനത്തിനാവശ്യമായ ഭൂമി ഉടമകള്‍ സൗജന്യമായി അതോറിറ്റിക്ക് നല്‍കിയതായിരുന്നു. ചില ഉടമകളുടെ നിസഹകരണം മൂലം സ്തംഭനത്തിലായ പദ്ധതി കലക്ടറായിരുന്ന രാജിവ് സദാനന്ദന്‍ മുന്‍കൈ എടുത്തായിരുന്നു സ്ഥലം ലഭ്യമാക്കി പദ്ധതി പുനരുജീവിപ്പിച്ചത്.
ഉടമകള്‍ സൗജന്യമായി നല്‍കിയ ഭൂമി വിറ്റുണ്ടാക്കിയ പണംകൊണ്ടായിരുന്നു അതോറിറ്റി റോഡ് നിര്‍മാണം നടത്തിയത്. തുടര്‍ന്ന് പി ഡബ്ല്യു ഡിക്ക് റോഡ് കൈമാറി. നാലുവരി പാതയിലും ഗതാഗതം പൊതുവേ കുറവായിരുന്നതിനാല്‍ റോഡിന് വലിയ തകരാര്‍ ഉണ്ടാക്കിയിരുന്നില്ല. വണ്‍വേ സമ്പ്രദായം നടപ്പാക്കിയതോടെ കണ്ടെയ്‌നര്‍ ലോറികള്‍ ഉള്‍പ്പെടെ മുഴുവന്‍ അമിത ഭാരവാഹനങ്ങളും കോവിലകത്തുംപാടം വഴി തിരിച്ചുവിട്ടതാണ് പെട്ടെന്നുണ്ടായ തകര്‍ച്ചക്കു കാരണമെന്നും പൊതുമരാമത്തു വകുപ്പ് അധികൃതര്‍ പറഞ്ഞു.മൂന്ന് വര്‍ഷം മുമ്പാണ് പി ഡബ്ല്യു ഡി കോവിലകത്തും പാടം റോഡ് മെക്കാഡം ടാറിംഗ് നടത്തിയതും. ഇത്രയും കുറഞ്ഞ സമയം കൊണ്ട് റോഡ് തകര്‍ന്നതും ടാറിംഗിന്റെ ഗുണനിലവാരമില്ലായ്മ കൊണ്ടല്ലെന്നും റോഡാകെ താഴെക്കിരുന്നതുകൊണ്ടാണെന്നും എന്‍ജിനീയര്‍മാര്‍ ചൂണ്ടികാട്ടി. അടിയന്തര അറ്റകുറ്റപണിക്കും ദേശീയപാത നിലവാരത്തില്‍ റോഡിന്റെ ഗുണനിലവാരം ശക്തിപ്പെടുത്തുന്നതിനും നടപടി ഉണ്ടാകേണ്ടതുണ്ടെന്നും വിദഗ്ദര്‍ പറഞ്ഞു.
പാട്ടുരായ്ക്കല്‍ ഗതാഗത പ്രശ്‌നം, വിവാദവും ചര്‍ച്ചകളുമാണെങ്കിലും റോഡ് തകര്‍ച്ച ഇനിയും അധികൃതര്‍ ഗൗരവമായി എടുത്തിട്ടില്ല. ഇന്നത്തെ നിലയില്‍ തകര്‍ച്ച തുടര്‍ന്നാല്‍ കുറച്ചുനാള്‍ കഴിഞ്ഞാല്‍ കോവികത്തുംപാടം വഴി വാഹനഗതാഗതം താറുമാറാകുമെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.