പ്ലസ് ടു: ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തിങ്കളാഴ്ച വിധി പറയും

Posted on: August 29, 2014 1:14 am | Last updated: August 29, 2014 at 11:46 pm

കൊച്ചി: ഹയര്‍ സെക്കന്‍ഡറി ഡയരക്ടറുടെ ശിപാര്‍ശ മറികടന്ന് മന്ത്രിസഭാ ഉപസമിതി അനുവദിച്ച പ്ലസ് ടു സ്‌കൂളുകളും അധിക ബാച്ചുകളും തടഞ്ഞ സിംഗിള്‍ ബഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലുകളില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തിങ്കളാഴ്ച വിധി പറയും. സര്‍ക്കാറിന്റെ അപ്പീലുകളില്‍ ജസ്റ്റിസുമാരായ ആന്റണി ഡൊമനിക്കും ഡി ശേഷാദ്രി നായിഡുവും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയത്. സിംഗിള്‍ ജഡ്ജിയുടെ ഇടക്കാല ഉത്തരവ് മൂലം എണ്‍പത്തി ഒന്നായിരത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പഠനത്തിനുള്ള അവസരം നഷ്ടമായിരിക്കുകയാണെന്നും പുതിയ ബാച്ചുകളും അധിക ബാച്ചുകളും അനുവദിക്കുന്ന കാര്യത്തില്‍ മന്ത്രിസഭാ ഉപസമിതിക്കാണ് പരമാധികാരമെന്നും ഹയര്‍ സെക്കന്‍ഡറി ഡയരക്ടര്‍ സമിതിയുടെത് ശുപാര്‍ശ മാത്രമാണെന്നുമാണ് സര്‍ക്കാറിന്റെ നിലപാട്. അതേസമയം ഹയര്‍ സെക്കന്‍ഡറി ഡയരക്ടര്‍ ശിപാര്‍ശ ചെയ്തിട്ടും അത് പരിഗണിക്കാതെയാണ് പ്ലസ് ടു സ്‌കൂളുകളും അധിക ബാച്ചുകളും പല സ്‌കൂളുകള്‍ക്കും അനുവദിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതെന്ന് വിവിധ മാനേജ്‌മെന്റുകള്‍ വാദിച്ചു.