Connect with us

Ongoing News

കേരള ടൂറിസവും ഗോ എയറും ധാരണയില്‍

Published

|

Last Updated

തിരുവനന്തപുരം: കേരളം കാണാനെത്തുന്ന ആഭ്യന്തര സഞ്ചാരികള്‍ക്ക് യാത്രാക്കൂലിയില്‍ പ്രത്യേക ഇളവുകളുറപ്പാക്കാന്‍ കേരള ടൂറിസം വകുപ്പും ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഗോ എയറും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ആഭ്യന്തര വിനോദസഞ്ചാര വിപണി ശക്തിപ്പെടുത്തുന്നതിനായി “ഡെസ്റ്റിനേഷന്‍ പ്രമോഷന്‍” എന്നു പേരിട്ടിട്ടുള്ള പുതിയ പ്രചാരണ പരിപാടിയുടെ ഭാഗമായി ഗോ എയറുമായുള്ള ഇടപാടിലൂടെ സംസ്ഥാനത്തേക്ക് കുറഞ്ഞ ചെലവില്‍ എത്തിച്ചേരാനുള്ള സാധ്യതയാണ് തെളിയുന്നത്. തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ കേരള ടൂറിസം ഡയറക്ടര്‍ പി ഐ ഷെയ്ക് പരീതും ഗോ എയര്‍ വൈസ് പ്രസിഡന്റ് (സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്) മനോജ് ധര്‍മാണിയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ടൂറിസം മന്ത്രി എ പി അനില്‍കുമാറും സെക്രട്ടറി സുമന്‍ ബില്ലയും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഗോ എയറിന്റെ കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍സ് മേധാവി നവീന്‍ സോണി, റീജണല്‍ ജനറല്‍ മാനേജര്‍ ഗൗരവ് പട്വാരി, മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ ഹേമേഷ് ഷേണായി എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. കേരള ടൂറിസം അംഗീകരിച്ചിട്ടുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴി അവധിക്കാല പാക്കേജ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് പ്രചാരണപരിപാടിയുടെ ഭാഗമായി സെപ്തംബര്‍ ഒന്നുമുതല്‍ കിഴിവ് ലഭിക്കുക. ആദ്യഘട്ടം അടുത്ത ജനുവരി വരെ തുടരും. കേരളടൂറിസത്തിന്റെ ഔദ്യോഗിക വെബ് സൈറ്റായ www.keralatourism.orgല്‍ നല്‍കിയിട്ടുള്ള അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാരുടെ ലിങ്ക് വഴി പാക്കേജ് ബുക്ക് ചെയ്യാം. ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ലക്‌നൗ, ജയ്പൂര്‍, നാഗ്പൂര്‍ എന്നിവയുള്‍പ്പെടെ എട്ടു നഗരങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള ഗോ എയര്‍ വിമാന സര്‍വീസുകളിലാണ് ഈ ആനുകൂല്യം അനുവദിക്കുന്നത്. രണ്ടു വര്‍ഷത്തേക്ക് ഒപ്പുവച്ച ധാരണയുടെ അടിസ്ഥാനത്തില്‍ വിമാനക്കമ്പനി നിശ്ചിത എണ്ണം സീറ്റുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഓരോ മൂന്നു നാലു മാസങ്ങളിലും ഇത് വിലയിരുത്തുകയും ചെയ്യും.
ആഭ്യന്തര വിനോദസഞ്ചാരത്തില്‍ പുതിയ അധ്യായമാണ് ഇതിലൂടെ തുറക്കുന്നതെന്ന് മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു. സന്ദര്‍ശകര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനൊപ്പം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ളവരോടുള്ള പ്രതിബദ്ധതകൂടിയാണ് ഇത് തെളിയിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉല്‍സവസീസണില്‍ കേരളം സന്ദര്‍ശിക്കാന്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വിമാനയാത്രാ ഇനത്തില്‍ ചെലവാകാനിടയുള്ള ഉയര്‍ന്ന നിരക്കില്‍ നിന്നുള്ള സംരക്ഷണം കൂടിയാണ് ഈ ധാരണയില്‍ ഉറപ്പാക്കുന്നത്. കൂടുതല്‍ വിമാനക്കമ്പനികള്‍ ഇതു മാതൃകയാക്കി രംഗത്തുവരുമെന്നാണ് കരുതുന്നത്. കൊച്ചിക്കു പുറമെ തിരുവനന്തപുരവും കോഴിക്കോടും ഉള്‍പ്പെടുത്തുന്നതു പരിഗണിക്കുമെന്ന് ഗോഎയര്‍ അധികൃതര്‍ സൂചിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍, വ്യോമയാന വ്യവസായം, ടൂര്‍ ഏജന്റുമാര്‍, ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍, ഹോട്ടല്‍ റിസോര്‍ട്ട് ഏജന്റുമാര്‍ എന്നിങ്ങനെ ആഭ്യന്തര ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയിലുള്ളവരെ ഒരുമിച്ചുചേര്‍ക്കുക കൂടിയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Latest