കസ്തൂരിരംഗന്‍: കേന്ദ്ര നിലപാട് ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് ആശ്വാസം

Posted on: August 29, 2014 12:42 am | Last updated: August 29, 2014 at 12:42 am

ഇടുക്കി: പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിഗണിക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് ആശ്വാസം പകര്‍ന്നു. കര്‍ഷക ആശങ്ക അകറ്റി കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍ പ്രതികരിക്കുകയും ചെയ്തു.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനോടുളള എതിര്‍പ്പിന്റെ പേരില്‍ ഇടുക്കിയില്‍ നിന്നും പാര്‍ലമെന്റ് അംഗത്തെ ഇടതുപക്ഷവുമായി സഹകരിച്ച് വിജയിപ്പിക്കാന്‍ കഴിഞ്ഞതിന്റെ നേട്ടമായി ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ വ്യാഖ്യാനിക്കാം. പരിസ്ഥിതി ലോലമെന്ന് കസ്തൂരി രംഗന്‍ കണ്ടെത്തിയ കേരളത്തിലെ 123 വില്ലേജുകളില്‍ കര്‍ഷക നിബിഡമായവയെ ഒഴിവാക്കിയാല്‍ ഹൈറേഞ്ച് സംരക്ഷണ സമിതി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനോടുളള എതിര്‍പ്പ് അവസാനിപ്പിക്കുമെന്നാണ് സൂചന.
അതേ സമയം, ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനു വേണ്ടി ശക്തമായി നിലകൊളളുന്ന സംഘപരിവാര്‍ കേന്ദ്രങ്ങള്‍ക്ക് മോദി സര്‍ക്കാരിന്റെ ഗ്രീന്‍ ട്രൈബ്യൂണലിലെ സത്യവാങ്മൂലം നിരാശ പകര്‍ന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ നിലകൊളളുന്നവര്‍ കൈയേറ്റ മാഫിയക്കാരാണ് എന്ന് ആരോപിച്ച ആര്‍ എസ് എസിന്റെ പ്രതികരണം വന്നിട്ടില്ല. ഇടുക്കിയിലുള്ള ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത് നേതൃയോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തേക്കും. 31ന് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുന്ന ഭാഗവത് ഇക്കാര്യത്തിലുളള നിലപാടും വ്യക്തമാക്കുമെന്നാണ് സൂചന. കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ മുന്‍ എം പിയും കോണ്‍ഗ്രസ് നേതാവുമായ പി ടി തോമസ് നിരാശാജനകം എന്നാണ് വിശേഷിപ്പിച്ചത്. ജനപങ്കാളിത്തത്തോടെയുളള പരിസ്ഥിതി വികസനമാണ് ഗാഡ്ഗില്‍ ലക്ഷ്യമിട്ടതെന്നും പി ടി തോമസ് ചൂണ്ടിക്കാട്ടി.
പശ്ചിമഘട്ട സംരക്ഷണത്തിനായി മാധവ് ഗാഡ്ഗില്‍ തയാറാക്കിയ റിപ്പോര്‍ട്ട് പുനഃപരിശോധിക്കുന്നതിനു വേണ്ടിയാണ് പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞന്‍ കെ കസ്തൂരി രംഗന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതിയെ നിയോഗിച്ചത്. ഈ റിപ്പോര്‍ട്ടും വിവാദമായതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഉമ്മന്‍ വി ഉമ്മനെ അധ്യക്ഷനാക്കി വേറൊരു സമിതിയെയും നിയോഗിച്ചിരുന്നു.
പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച് നിലപാട് വ്യക്തമാക്കാതെ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം സമര്‍പ്പിച്ച സത്യവാങ്്മൂലം ദേശീയ ഹരിത ട്രൈബ്യൂണല്‍ തള്ളിയിരുന്നു. തുടര്‍ന്ന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്‍മേലുള്ള നിലപാട് വ്യക്തമാക്കി ഇന്നലെ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹരിത ട്രൈബ്യൂണല്‍ ആവശ്യപ്പെടുകയായിരുന്നു.