ഒമാന്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനം സെപ്റ്റംബര്‍ 14 മുതല്‍ 16 വരെ

Posted on: August 28, 2014 7:27 pm | Last updated: August 28, 2014 at 7:27 pm
omani product
ഒമാന്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനം ദുബൈയില്‍ നടക്കുന്നത് സംബന്ധിച്ച് അധികൃതര്‍
വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു

അബുദാബി: ഒമാന്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനം സെപ്റ്റംബര്‍ 14 മുതല്‍ 16 വരെ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുമെന്ന് ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി വൈസ് ചെയര്‍മാന്‍ അയ്മന്‍ അബ്ദുല്ല ഹാമിദ് അല്‍ ഹസനി അറിയിച്ചു. അബുദാബി ഒമാന്‍ സ്ഥാനപതി കാര്യാലയത്തില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് മൂന്നാം വര്‍ഷമാണ് പ്രദര്‍ശനം. ഒമാനും യു എ ഇയും തമ്മില്‍ വ്യാപാര ബന്ധം ശക്തിപ്പെട്ട സാഹചര്യത്തില്‍ പ്രദര്‍ശനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. എണ്ണയിതര രംഗങ്ങളില്‍ 500 കോടിയിലധികം ഡോളറിന്റെ വാണിജ്യ ഇടപാടുകളാണ് നടക്കുന്നത്.
വര്‍ഷം പ്രതി 5.5 ശതമാനം വളര്‍ച്ച സംഭവിക്കുന്നു. മൂന്നു ദിവസത്തെ പ്രദര്‍ശനത്തില്‍ വാണിജ്യ, വ്യവസായ പ്രതിനിധികള്‍ പങ്കെടുക്കും. ഉയര്‍ന്ന ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ യു എ ഇയിലെത്തിക്കുന്നുണ്ട്. ഭക്ഷ്യ വസ്തുക്കള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ ഒമാനില്‍ നിന്ന് യു എ ഇയിലെത്തുന്നു.
വേള്‍ഡ് എക്‌സ്‌പോ 2020 ദുബൈയില്‍ നടക്കുമെന്നതിനാല്‍ ഇത്തരം പ്രദര്‍ശനങ്ങള്‍ ഏറെ ഗുണം ചെയ്യുമെന്നും അയ്മന്‍ അബ്ദുല്ല ഹാമിദ് അല്‍ ഹസനി പറഞ്ഞു. എഞ്ചി. അനസ് അല്‍ മദനി പങ്കെടുത്തു.