Connect with us

Wayanad

മെഡിക്കല്‍ സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന; 10 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

Published

|

Last Updated

കല്‍പ്പറ്റ: പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് “സേഫ് കേരള” എന്ന പേരില്‍ ആരോഗ്യ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായി ജില്ലയിലെ ലബൊറട്ടറി, എക്‌സ്‌റേ, സ്‌കാനിങ് സെന്ററുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. പുല്‍പ്പള്ളി, മേപ്പാടി, പൊരുന്നന്നൂര്‍, തരിയോട്, മീനങ്ങാടി, കല്‍പ്പറ്റ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയതായി ഡി എം ഒ. ഡോ. നീതാവിജയന്‍ പറഞ്ഞു.
ലാബോറട്ടറികളില്‍ ഗുണനിലവാരമില്ലാത്ത ഉത്പ്പന്നങ്ങള്‍ ഉപയോഗിച്ച് ടെസ്റ്റ് നടത്തുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. 72 ലാബോറട്ടറികള്‍ പരിശോധിച്ചതില്‍ 29 എണ്ണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. നാല് എക്‌സ്‌റേ യൂണിറ്റുകളും നാല് സ്‌കാനിങ് സെന്ററുകളും ഒരു ദന്താശുപത്രിയും 12 ഡന്റല്‍ ക്ലിനിക്കുകളും പഞ്ചായത്തിന്റേയോ നഗരസഭയുടേയോ അനുമതിയില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നത് . ആരോഗ്യ വകുപ്പിന്റെ അനുമതിയില്ലാതെ പ്രവര്‍ത്തിച്ചിരുന്നത് അഞ്ച് സ്ഥാപനങ്ങളാണ്. 128 സ്ഥാപനങ്ങള്‍ പരിശോധിച്ചതില്‍ 26 സ്ഥാപനങ്ങളിലും നിയമാനുസൃത യോഗ്യതയുള്ള ജീവനക്കാരുണ്ടായിരുന്നില്ല. ഇത്തരം സ്ഥാപനങ്ങളില്‍ പരിശോധനകള്‍ക്കും ചികിത്സക്കുമായി ആളുകളെത്തുന്നത് അപകടം ക്ഷണിച്ച് വരുത്തുകയാവും ചെയ്യുക.
36 സ്ഥാപനങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ തീരെ കുറവാണ്. 14 ലബോറട്ടറികളില്‍ പരിശോധനക്കുപയോഗിക്കുന്ന ഉപകരണങ്ങളില്‍ ഭൂരിഭാഗത്തിന്റേയും പ്രവര്‍ത്തനം ശരിയായ രീതിയിലല്ലെന്നും പരിശോധനയില്‍ കണ്ടെത്തി. 29 ലാബോറട്ടറികളിലും ഒരു ദന്താശുപത്രിയിലും രണ്ട് ഡെന്റല്‍ ക്ലിനിക്കുകളിലും മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങളില്ല. 36 സ്ഥാപനങ്ങള്‍ അണുവിമുക്തമാക്കാത്ത ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. ലൈസന്‍സ് ഇല്ലാത്തതിന് 31 ഉം രോഗങ്ങള്‍ പകര്‍ത്തുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതിന് 27 ഉം പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്നവിധം പ്രവര്‍ത്തിച്ചതിന് 15 ഉം ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാത്ത 27 ഉം മറ്റ് പോരായ്മകള്‍ കണ്ടെത്തിയ 12 സ്ഥാപനങ്ങള്‍ക്കും ആരോഗ്യ വകുപ്പ് നോട്ടീസ് നല്‍കിയതായും ഡി എം ഒ അറിയിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ 134 ഉദ്യോഗസ്ഥര്‍ 21 സംഘങ്ങളായാണ് പരിശോധന നടത്തിയത്. ഡെപ്യൂട്ടി ഡി എം ഒ. ഡോ. കെ ആര്‍ വിദ്യ, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. വി.ജിതേഷ്, അര്‍ബന്‍ ആര്‍ സി എച്ച് ഓഫീസര്‍ ഡോ.കെ എസ് അജയന്‍, ഡോ. സി ഷക്കീര്‍, ടെക്‌നിക്കല്‍ അസിസ്റ്റുന്റുമാരായ കെ ടി മോഹനന്‍, യു കെ കൃഷ്ണന്‍, സി സി ബാലന്‍, ഡെപ്യൂട്ടി മാസ് മീഡയ ഓഫീസര്‍ ഹംസ ഇസ്മാലി, ജില്ലാ ലാബ് ടെക്‌നിഷ്യന്‍ കെ ജെ വത്സമ്മ തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

Latest