Connect with us

Palakkad

ആള്‍മാറാട്ടം നടത്തിയ പ്രതിക്ക് 12 വര്‍ഷം തടവും 30,000 രൂപ പിഴയും

Published

|

Last Updated

പാലക്കാട്: ആള്‍മാറാട്ടം നടത്തി വ്യാജപട്ടയകരാര്‍ നിര്‍മ്മിച്ച് അനുകൂല ഉത്തരവുകള്‍ നേടിയെടുക്കാന്‍ ശ്രമിച്ച പ്രതിക്ക് 12 വര്‍ഷത്തെ തടവും 30,000 രൂപ പിഴയും വിധിച്ചു.
കോയമ്പത്തൂര്‍ കൗണ്ടര്‍പാളയം ഐശ്വര്യ മിത്രത്തില്‍ ദിനേശ്കുമാറിനാണ് ചിറ്റൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് എം ബി അനൂപ് ശിക്ഷ വിധിച്ചത്. രണ്ട് കേസുകളിലായാണ് ശിക്ഷ. പിഴ ഒടുക്കിയില്ലെങ്കില്‍ ആറ് മാസത്തെ തടവ് ശിക്ഷ അധികമായി അനുഭവിക്കണം. കൊല്ലങ്കോട് മുതലമട 1 വില്ലേജിലെ പേള്‍സ് ഫാം എന്ന സ്ഥലം ഉടമസ്ഥരാണെന്ന വ്യാജേന ആള്‍മാറാട്ടം നടത്തി വ്യാജ പട്ടയകരാര്‍ രജിസ്റ്റര്‍ ചെയ്തു.
18 ഏക്കര്‍ 36 സെന്റ് സ്ഥലത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥര്‍ ഗോവര്‍ദ്ധനഗിരി, രാജീശ്വരന്‍, മണിമേഖല, ഗീതസ്വരൂപി എന്നിവരാണ് ഒപ്പിട്ടിട്ടുളളതാണെന്ന വ്യാജേനയാണ് ആള്‍മാറാട്ടം നടത്തി പട്ടയകരാറുകള്‍ നിര്‍മ്മിച്ചത്. ഇവ ചിറ്റൂര്‍ മുന്‍സിഫ് കോടതി, മുതലമട വില്ലേജ് ഓഫീസ്, ചിറ്റൂര്‍ താലൂക്ക് ഓഫീസ്, പാലക്കാട് സബ് കോടതി, മുതലമട വില്ലേജ് ഓഫീസ്, ചിറ്റൂര്‍ താലൂക്ക് ഓഫീസ്, പാലക്കാട് സബ് കോടതി, ജില്ലാ കോടതി എന്നിവിടങ്ങളില്‍ ഹാജരാക്കി അനുകൂല ഉത്തരവുകള്‍ നേടാനും പ്രതി ശ്രമിച്ചിരുന്നു. ഇതറിഞ്ഞ യഥാര്‍ത്ഥ ഉടമസ്ഥര്‍ ചിറ്റൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കി. കോടതി ഉത്തരവ് പ്രകാരം തിരുവനന്തപുരത്തെ ഫിംഗര്‍ പ്രിന്റ് ബ്യൂറോയില്‍ യഥാര്‍ത്ഥ ഉടമസ്ഥരുടെ ഒപ്പും വിരലടയാള രജിസ്റ്ററുമായി ഒത്തുനോക്കി യഥാര്‍ത്ഥ ഉടമസ്ഥരുടേതല്ലെന്ന് കണ്ടെത്തുകയും കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. കൊല്ലങ്കോട് സി ഐ വാഹിദ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷനുവേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ പി പ്രേംനാഥ് ഹാജരായി.
വിചാരണ നീണ്ടുപോയതിനെ തുടര്‍ന്ന് പരാതിക്കാര്‍ കേരള ഹൈക്കോടതിയെ സമീപിച്ചതിനാല്‍ കേസ് ആറ് മാസത്തിനുളളില്‍ വിചാരണ ചെയ്ത് പൂര്‍ത്തിയാക്കുവാന്‍ മജിസ്‌ട്രേറ്റ് കോടതിക്ക് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് ദിവസേന വിചാരണ നടത്തി കേസ് തീര്‍പ്പ് കല്‍പ്പിക്കുകയായിരുന്നു. തെളിവുകളുടെ അഭാവത്തില്‍ വ്യാജപട്ടയകരാറില്‍ സാക്ഷിയായി ഒപ്പു വെച്ചിരുന്ന രണ്ടാം പ്രതി എം പി പ്രദീഷിനെ കോടതി വിട്ടയച്ചു.
മൂന്നാം പ്രതി കൊല്ലങ്കോട് മുതലമട ആട്ടയാംപതി മീങ്കരയിലുളള സുരേഷിനെ കോടതി പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചു.

Latest