റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡയുടെ മകനെതിരെ ലൈംഗികാരോപണം

Posted on: August 28, 2014 9:55 am | Last updated: August 29, 2014 at 12:08 am

sadanantha goudaബാംഗ്ലൂര്‍: കേന്ദ്ര റെയില്‍വെ മന്ത്രി സദാനന്ദ ഗൗഡയുടെ മകനെതിരെ ലൈംഗികാരോപണം. കന്നഡ നടിയും മോഡലുമായ മൈത്രേയയാണ് മന്ത്രിയുടെ മകന്‍ കാര്‍ത്തിക് ഗൗഡ പീഡിപ്പിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

കാര്‍ത്തിക് തന്നെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് മൈത്രേയയുടെ പരാതി. ആര്‍ ടി നഗര്‍ പൊലീസ് സ്‌റ്റേഷനില്‍ ഇവര്‍ പരാതി നല്‍കിയതായി പൊലീസ് അറിയിച്ചു. കാര്‍ത്തിക്കിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് പീഡനാരോപണം ഉയര്‍ന്നിരിക്കുന്നത്. താന്‍ ഒരു പൊതു സുഹൃത്ത് വഴിയാണ് കാര്‍ത്തികിനെ കണ്ടുമുട്ടിയതെന്നും തന്നെ കാര്‍ത്തിക് വിവാഹം ചെയ്തതാണെന്നും പ്രാദേശിക ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ മൈത്രേയ പറഞ്ഞു.

ആരോപണം കാര്‍ത്തിക് ഗൗഡ നിഷേധിച്ചു. തന്റെ പിതാവ് ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണെന്നും ആ ബഹുമാനം നശിപ്പിക്കില്ലെന്നും കാര്‍ത്തിക് ഗൗഡ പ്രതികരിച്ചു. തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഈ ആരോപണമെന്ന് മന്ത്രി സദാനന്ദ ഗൗഡ പ്രതികരിച്ചു.