ഡല്‍ഹിയില്‍ നേപ്പാളി പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്തു

Posted on: August 28, 2014 7:11 am | Last updated: August 28, 2014 at 7:11 am

rapeന്യൂഡല്‍ഹി: നേപ്പാളിയായ പെണ്‍കുട്ടിയെ ദക്ഷിണ ഡല്‍ഹിയിലെ മെഹറൗലിയില്‍ ഒരു ആറംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു. തിങ്കളാഴ്ചയാണ് സംഭവം. സാരമായി പരുക്കേറ്റ 19കാരി ഇപ്പോള്‍ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലാണ്.

ജോലി വാഗ്ദാനം ചെയ്താണ് കാഠ്മണ്ഡു സ്വദേശിനിയായ പെണ്‍കുട്ടിയെ ഹരിയാനയിലെ പാനിപ്പത്തിലേക്ക് കൊണ്ടുവന്നത്. അവിടെ ഒരു ദമ്പതികളുടെ വീട്ടില്‍ ജോലി ചെയ്യുകയായിരുന്നു. 5,000 രൂപ പ്രതിമാസ ശമ്പളം നല്‍കിയിരുന്നു. ഈ ദമ്പതികള്‍ പെണ്‍വാണിഭ സംഘത്തില്‍ പെട്ടവരാണെന്ന് പിന്നീടാണ് മനസ്സിലാക്കിയതെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. അവര്‍ തന്നെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. അവിടെവെച്ച് രണ്ട് മാസം മുമ്പ് അമിത്, രഞ്ജു എന്നീ രണ്ട് യുവാക്കളെ പരിചയപ്പെട്ടു. അവരാണ് ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ ഡല്‍ഹിയില്‍ കൊണ്ടുവന്നതെന്ന് പെണ്‍കുട്ടി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ദമ്പതികള്‍ക്കൊപ്പമായിരുന്നു താമസം. ഇവര്‍ തന്നെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറയുന്നു.
കഴിഞ്ഞ ഞായറാഴ്ച മെഹ്‌റൗലിയില്‍ സുഭാഷ് എന്ന ആളുടെ വീട്ടിലെത്തിച്ചു. അവിടെവെച്ച് അവളെ മദ്യപിപ്പിച്ചു. തുടര്‍ന്ന് അയാളും മറ്റ് അഞ്ച് പേരും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു. വീട്ടില്‍ നിന്നും പുറത്ത്‌പോകാന്‍ അനുവദിച്ചില്ല. എന്നാല്‍ തിങ്കളാഴ്ച പെണ്‍കുട്ടി അവിടെനിന്ന് രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. മെഡിക്കല്‍ പരിശോധനയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായി തെളിഞ്ഞു. സംഭവത്തോടനുബന്ധിച്ച് അമിതിനെയും രഞ്ജുവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.