സംസ്ഥാന ആസൂത്രണ ബോര്‍ഡ് പിരിച്ചു വിടില്ല: മുഖ്യമന്ത്രി

Posted on: August 28, 2014 12:28 am | Last updated: August 28, 2014 at 12:28 am

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോര്‍ഡ് പിരിച്ച് വിടുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യം സര്‍ക്കാറിന്റെ പരിഗണനയിലില്ലെന്നും വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തില്‍ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ലെന്ന് ചീഫ്‌സെക്രട്ടറി തന്നെ മന്ത്രിസഭായോഗത്തില്‍ അറിയിച്ചതായും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആസൂത്രണ ബോര്‍ഡിന് സംസ്ഥാനത്ത് നിര്‍ണായക ഉത്തരവാദിത്വമുണ്ട്. സംസ്ഥാനത്തിന്റെ വാര്‍ഷിക പദ്ധതി, പഞ്ചവത്സര പദ്ധതി, അടുത്ത 30 വര്‍ഷത്തെ സംസ്ഥാന വികസനം മുന്നില്‍ കണ്ടുകൊണ്ടുള്ള വിഷന്‍ 2030 പദ്ധതി തുടങ്ങിയവക്ക് രൂപം നല്‍കാന്‍ ആസൂത്രണ ബോര്‍ഡിന് കഴിഞ്ഞിട്ടുണ്ട്.
വൈസ്‌ചെയര്‍മാന്‍ കെ ചന്ദ്രശേഖറുടെ നേതൃത്വത്തില്‍ ആസൂത്രണ ബോര്‍ഡ് മെച്ചപ്പെട്ട രീതിയില്‍ തന്നെ അവരുടെ ഉത്തരവാദിത്വം നിര്‍വഹിക്കുകയാണ്. കേന്ദ്ര ആസൂത്രണ കമ്മീഷന്‍ പിരിച്ചുവിടുന്നത് സംബന്ധിച്ച് സംസ്ഥാനത്തിന്റെ ആശങ്കകള്‍ കേന്ദ്ര സര്‍ക്കാറിനെയും പ്രധാനമന്ത്രിയെയും അറിയിച്ചിട്ടുണ്ട്.
തീരുമാനത്തെ സംസ്ഥാനം പൂര്‍ണമായും എതിര്‍ത്തിട്ടില്ല. ആസൂത്രണ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വേണമെന്ന് സംസ്ഥാനം നേരത്തെ തന്നെ കേന്ദ്രസര്‍ക്കാറിനെ അറിയിച്ചിരുന്നതാണ്. ആസൂത്രണ കമ്മീഷന്‍ പദ്ധതികള്‍ക്ക് രൂപം നല്‍കുമ്പോള്‍ ഓരോ സംസ്ഥാനത്തിന്റെയും ഭൗതിക സാഹചര്യങ്ങള്‍ കൂടി കണക്കിലെടുക്കണം. കമ്മീഷന്റെ പുനഃസംഘടനക്കായി മുന്‍കേന്ദ്രസര്‍ക്കാര്‍ ചതുര്‍വേദി കമ്മീഷനെ നിയോഗിച്ചിരുന്നു.
പലപ്പോഴും ആസൂത്രണ കമ്മീഷന്‍ തയാറാക്കുന്ന പദ്ധതികള്‍ കേരളം പോലുള്ള സംസ്ഥാനങ്ങളുടെ സാഹചര്യങ്ങള്‍ക്ക് വിരുദ്ധമായി വരുന്നുണ്ട്.ദേശീയാടിസ്ഥാനത്തില്‍ രൂപം നല്‍കുന്ന പദ്ധതിയാണെങ്കില്‍ 25 ശതമാനം ഫണ്ട് വിനിയോഗിക്കുന്നതിനുള്ള സ്വാതന്ത്ര്യം നല്‍കണമന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്. തൊഴിലുറപ്പ് ദേശീയതലത്തില്‍ വളരെ ഫലപ്രദമാണെങ്കിലും കേരളത്തിന് കൂടുതല്‍ പ്രയോജനപ്പെടുത്താനാകുന്നില്ല. ഇത് കണക്കിലെടുത്ത് ആസ്തി സൃഷ്ടിക്കാനുതകുന്ന തൊഴിലുകള്‍ കൂടി പദ്ധതികളില്‍ ഉള്‍പ്പെടുത്തണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രണ്ട് പശുക്കള്‍ വളര്‍ത്തുന്ന കര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. അങ്ങനെയായാല്‍ സംസ്ഥാനത്തിന് പാലുത്പാദനത്തില്‍ സ്വയം പര്യാപ്തത നേടാനാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.