പത്തുലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങള്‍ക്ക് ഇനി മുതല്‍ മെട്രോ റെയില്‍

Posted on: August 28, 2014 12:21 am | Last updated: August 28, 2014 at 12:21 am

കൊച്ചി/തൃശൂര്‍: പത്തുലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങള്‍ക്ക് ഇനി മുതല്‍ മെട്രോ റെയില്‍ അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു. കൊച്ചി മെട്രോ റെയിലിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി നടന്ന ചര്‍ച്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകേരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ 20 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങള്‍ക്കാണ് മെട്രോ റെയില്‍ അനുവദിച്ചിരുന്നത്. കൊച്ചി മെട്രോ റെയില്‍നിര്‍മാണ പുരോഗതിയില്‍ സംതൃപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യഥാര്‍ഥ എസ്റ്റിമേറ്റ്് ചെലവില്‍ തന്നെ കൊച്ചി മെട്രോ പദ്ധതി പൂര്‍ത്തിയാക്കാനാകും. കൊച്ചി മെട്രോ റെയിലുമായി ബന്ധപ്പെട്ട ചില ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഇവ അനുഭാവപൂര്‍വം പരിഗണിക്കും. മെട്രോ റെയില്‍ നിര്‍മാണത്തിന് ആവശ്യമായ ജിപ്‌സത്തിന്റെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. പുഴ മണലിനു പകരം മറ്റ് എന്തെങ്കിലും പകരമായി ഉപയോഗിക്കുവാന്‍ കഴിയുമോയെന്നത് സംബന്ധിച്ചുള്ള സാധ്യതകള്‍ പരിശോധിക്കും.
കൊച്ചി മെട്രോ റെയിലിന്റെ രണ്ടാം ഘട്ട പ്രൊജക്ട് റിപ്പോര്‍ട്ട് ലഭിച്ചാല്‍ അനുഭാവപൂര്‍വം പരിഗണിക്കും. കാക്കനാട് സ്മാര്‍ട്ട്‌സിറ്റി വരെ മെട്രോ റെയില്‍ നീട്ടുന്ന കാര്യം പരിഗണനയിലുണ്ട്. എറണാകുളം ജില്ലയിലെ ഗതാഗതക്കുരുക്ക് പരിഗണിക്കുന്നതിനായി ജില്ലയിലെ പല സ്ഥലങ്ങളിലേക്കും മെട്രോ റെയില്‍ നീട്ടേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലും മെട്രെ റെയില്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ഡല്‍ഹിയില്‍ രണ്ടാം ഘട്ടം പൂര്‍ത്തിയായി. ബംഗളൂരില്‍ മെട്രോ റെയില്‍ ഓട്ടം തുടങ്ങി. ചെന്നൈയില്‍ ഉടന്‍ സര്‍വീസ് ആരംഭിക്കും. കൊച്ചി മെട്രോ ഉള്‍പ്പെടെയുളള കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, മഞ്ഞളാംകുഴി അലി തുടങ്ങിയവരുമായി തൃശൂര്‍ രാമനിലയത്തില്‍ നടത്തിയ ചര്‍ച്ചക്ക് ശേഷം അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.