Connect with us

Ongoing News

ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യദുരന്തത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്‌

Published

|

Last Updated

പാലക്കാട്: ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യദുരന്തത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് 418 ബാറുകള്‍ പൂട്ടിക്കിടക്കുന്ന സാഹചര്യത്തില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വ്യാജമദ്യവും സ്പിരിറ്റും ഒഴുകുമെന്നും മദ്യദുരന്തത്തിന് സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. അതേസമയം പരിശോധന കര്‍ശനമാക്കേണ്ട എക്‌സൈസ് വകുപ്പ് ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാതെ നട്ടം തിരിയുകയാണ്. സംസ്ഥാനത്ത് മദ്യത്തിന്റെ ഉപഭോഗം കൂടുതലുണ്ടാവുന്ന ഓണക്കാലത്ത് മദ്യദുരന്തത്തിന് സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം.

പരിശോധന കര്‍ക്കശമാക്കുമ്പോള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്പിരിറ്റും വ്യാജമദ്യവും അരിഷ്ടരൂപത്തിലുള്ള മദ്യവുമുള്‍പ്പെടെ പിടികൂടിയതും എക്‌സൈസ് വകുപ്പിനെ സമ്മര്‍ദത്തിലാക്കുന്നു. ഓണത്തോടനുബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പരിശോധന കര്‍ശനമാക്കാനാണ് എക്‌സൈസ് വകുപ്പിന്റെ തീരുമാനം.
എന്നാല്‍ എക്‌സൈസ് അധികൃതര്‍ ഇങ്ങനെ പറയുമ്പോഴും 1967 ലെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴുമുള്ളത്. 4159 ഉദ്യേഗസ്ഥരാണ് എക്‌സൈസ് വകുപ്പിലുള്ളത്. ഇതിന്റെ ഇരട്ടിയിലധികം ജീവനക്കാരുണ്ടെങ്കിലേ പരിശോധനകള്‍ കാര്യക്ഷമമാക്കാനാകൂ എന്ന് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. 1967നു ശേഷം റേഞ്ച് പരിധിയിലുള്‍പ്പെടെ ഘട്ടം ഘട്ടമായി വിപുലീകരണം വന്നപ്പോഴും പരിമിതമായ ജീവനക്കാരെ വെച്ച് എക്‌സൈസ് വകുപ്പ് മുന്നോട്ടു പോകുമ്പോള്‍ വിഷമദ്യദുരന്തമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ആശങ്കയുണ്ടാക്കുന്നതാണ്.
വാളയാര്‍ ചെക്ക് പോസ്റ്റിലൂടെയും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലൂടെയും വന്‍തോതിലാണ് സ്പിരിറ്റ് ഒഴുകുന്നത്. ടാങ്കര്‍ ലോറികളിലാണ് സ്പിരിറ്റ് കടത്തുന്നത്. ഇതിന് പുറമെ ചിറ്റൂര്‍ മേഖലയില്‍ കള്ളിലും മായം ചേര്‍ക്കുന്നു. ഓണത്തോടാനുബന്ധിച്ച് കള്ളിന് ഡിമാന്‍ഡ് കൂടുമെന്നതിനാലാണ് വ്യാജ കള്ള് ഉത്പാദിപ്പിക്കുന്നതിനായി മായം വ്യാപകമായി ചേര്‍ക്കപ്പെടുന്നത്. ചിറ്റൂര്‍ മേഖലയില്‍ വന്‍തോതിലാണ് കള്ളിന്റെ വില്‍പ്പന. ഇവിടെ നിന്ന് ജില്ലക്കകത്തേക്കും പുറത്തേക്കും കള്ള് അയക്കുന്നുണ്ട്. ഇത്തരത്തില്‍ അയക്കുന്ന കള്ളില്‍ മാരക വിഷാംശം കലര്‍ന്ന ചേരുവകളാണുള്ളതെന്നാണ് ആശങ്ക.
വിഷാംശ കലര്‍ന്ന കള്ള് കുടിക്കുന്നത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുന്നതിന് പുറമെ ജീവനും ഭീഷണിയുമാണ് സൃഷ്ടിക്കുക. ഓണത്തോടനുബന്ധിച്ച് വ്യാജ കള്ളിന്റെയും സ്പിരിറ്റിന്റെയും കടത്തും നിര്‍മാണവും തടയാന്‍ നടപടിയെടുക്കാത്തപക്ഷം വന്‍വിഷമദ്യദുരന്തത്തിനായിരിക്കും കേരളം സാക്ഷ്യംവഹിക്കുകയെന്നാണ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്.

Latest