Connect with us

Wayanad

കുടുംബശ്രീ ഓണച്ചന്ത: ബ്രാന്റഡ് ഉത്പന്നങ്ങള്‍ വിപണിയിലിറക്കും

Published

|

Last Updated

കല്‍പ്പറ്റ: കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലയില്‍ 27 ഓണചന്തകള്‍ തുറക്കും. സെപ്തംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായ 3 ദിവസം ചന്തകള്‍ പ്രവര്‍ത്തിക്കും. 75 ലക്ഷം രൂപയാണ് വിറ്റുവരവ് പ്രതീക്ഷിക്കുന്നത്.
കുടുംബശ്രീയുടെ മുഴുവന്‍ സംഘകൃഷി ഗ്രൂപ്പുകളുടെയും വിവിധ ചെറുകിട സംരംഭങ്ങളുടെയും ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കും. “”വയനാടന്‍”” കുടുംബശ്രീ ഉല്‍പന്നങ്ങല്‍ ബ്രാന്‍ഡ് ചെയ്താണ് വിപണിയിലിറക്കുക. ജില്ലയിലെ മുഴുവന്‍ ചന്തകളിലും ബ്രാന്റഡ് ഉല്‍പന്നങ്ങള്‍ ലഭിക്കും.
മുനിസിപ്പല്‍ ചന്ത കല്‍പ്പറ്റയിലും മേപ്പാടി, പുല്‍പ്പള്ളി, തിരുനെല്ലി, അമ്പലവയല്‍ എന്നിവിടങ്ങളിലായി ബ്ലോക്ക് ചന്തകളും തുറക്കും. 22 പഞ്ചായത്ത് തല ചന്തകളും പ്രവര്‍ത്തിക്കും. ഇതാദ്യമായി ജില്ലാ തല ചന്ത പ്രത്യേകമായി കല്‍പ്പറ്റയില്‍ സംഘടിപ്പിക്കും ഓണചന്തകളില്‍ കുടുംബശ്രീ നടപ്പാക്കുന്ന പദ്ധതികളും പരിപാടികളും വിശദീകരിക്കാനും ഇന്‍ഷുറന്‍സ് പദ്ധതിയില്‍ പുതുതായി അംഗങ്ങളെ ചേര്‍ക്കാനും പ്രത്യേകം ഹെല്‍പ്പ് ഡെസ്‌ക് കൗണ്ടറുകളുമുണ്ടായിരിക്കും.
സാന്ത്വനം വളണ്ടിയര്‍മാര്‍ നിലവിലുള്ള പഞ്ചായത്തുകളില്‍ ആരോഗ്യ പരിശോധന കൗണ്ടര്‍ ഉണ്ടായിരിക്കും. 27 ചന്തകളിലും കുടുംബശ്രീ കാന്റീന്‍ യൂണിറ്റുകളുടെ നേതൃത്വത്തില്‍ നാടന്‍ ഭക്ഷണം വിതരണം ചെയ്യും. ഭക്ഷ്യമേള, പായസ മേള, പൂക്കള മത്സരം, വിളംബര ജാഥ സി.ഡി.എസ് തലങ്ങളില്‍ നടക്കും ഓണാഘോഷത്തോടനുബന്ധിച്ച് രണ്ട് ദിവസങ്ങളിലായി ബാലസഭ കുട്ടികളുടെ വിവിധ മത്സര പരിപാടികള്‍ സി.ഡി.എസ് തലത്തില്‍ നടക്കും. ഓണം ക്വിസ്, ഓണം ഇന്നലെ-ഇന്ന്-നാളെ ചര്‍ച്ച, അത്തപൂക്കളം, ഓണപ്പാട്ട്, മറ്റു കലാപരിപാടികള്‍ സംഘടിപ്പിക്കും. പഞ്ചായത്ത് തലത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ ചെയര്‍മാനും സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കണ്‍വീനറുമായ സംഘാടക സമിതിയാണ് ഓണത്തോടനുബന്ധിച്ചുള്ള ചന്തകള്‍ക്കും വിവിധ പരിപാടികള്‍ക്കും നേതൃത്വം നല്‍കുക.
മികച്ച സംഘാടനം, കൂടുതല്‍ വിറ്റുവരവ്, മുഴുവന്‍ സംരംഭങ്ങളെയും ഓണചന്തയിലെത്തിക്കല്‍, ശുചിത്വം, മികച്ച പങ്കാളിത്തം എന്നിവക്ക് സി.ഡി.എസുകള്‍ക്ക് പ്രത്യേകം അവാര്‍ഡുകള്‍ നല്‍കും. മികച്ച സംരംഭങ്ങള്‍ക്ക് പ്രത്യേക അവാര്‍ഡ് നല്‍കും.