Connect with us

International

ഓഡിറ്റ് പ്രക്രിയയില്‍ നിന്ന് അബ്ദുല്ല പിന്മാറി; അഫ്ഗാനിസ്ഥാനില്‍ പ്രതിസന്ധി രൂക്ഷം

Published

|

Last Updated

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം രൂപപ്പെട്ട പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. വോട്ടെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് തെരുവ് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത അബ്ദുല്ലാ അബ്ദുല്ല യു എന്‍ നിരീക്ഷണത്തില്‍ നടക്കുന്ന ഓഡിറ്റ് പ്രക്രിയയില്‍ നിന്ന് പിന്‍മാറിയതോടെയാണ് അത്. ആദ്യഘട്ടത്തില്‍ മുന്നിലെത്തിയ അബ്ദുല്ല രണ്ടാം ഘട്ടത്തില്‍ പരാജയപ്പെടുകയായിരുന്നു.
പോള്‍ ചെയ്ത മുഴുവന്‍ വോട്ടുകളും പുനഃപരിശോധനക്ക് വിധേയമാക്കുകയാണ് അഫ്ഗാനിസ്ഥാനിലെ യു എന്‍ അസിസ്റ്റന്റ് മിഷനും സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷനും. ഈ പ്രക്രിയയോട് സഹകരിക്കാന്‍ നേരത്തേ അബ്ദുല്ലാ അബ്ദുല്ല തയ്യാറായിരുന്നു. എന്നാല്‍ വോട്ടുകള്‍ അസാധുവാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സംബന്ധിച്ചാണ് പുതിയ തര്‍ക്കം.
ഇതിന് തങ്ങള്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പൂര്‍ണമായി അംഗീകരിക്കണമെന്നാണ് അബ്ദുല്ലാ അബ്ദുല്ലയുടെ പ്രതിനിധികള്‍ ഇപ്പോള്‍ പറയുന്നത്. അല്ലാത്തപക്ഷം ഓഡിറ്റില്‍ നിന്ന് പിന്‍മാറുമെന്ന് അവര്‍ ഭീഷണി മുഴക്കുന്നു.
നിര്‍ദേശങ്ങള്‍ അംഗീകരിച്ചാല്‍ സഹകരിക്കും. അല്ലെങ്കില്‍ പിന്‍വാങ്ങുമെന്ന് അബ്ദുല്ലാ അബ്ദുല്ലായുടെ മുഖ്യ പ്രതിനിധി ഫസല്‍ അഹ്മദ് മനാവി പറഞ്ഞു. ഓഡിറ്റ് സാങ്കേതികമായ പ്രക്രിയ അല്ലെന്നും രാഷ്ട്രീയ പ്രക്രിയയില്‍ രാഷ്ട്രീയമായ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രിലില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടത്തില്‍ എട്ട് സ്ഥാനാര്‍ഥികളാണ് ഉണ്ടായിരുന്നത്. ഇവരില്‍ ഒന്നാമതെത്തിയ അബ്ദുല്ല അബ്ദുല്ലയെ പിന്തള്ളി അദ്ദേഹത്തിന്റെ എതിരാളി അശ്‌റഫ് ഗനി അഹ്മദ്‌സായി രണ്ടാം ഘട്ടത്തില്‍ വിജയിക്കുകയായിരുന്നു.
ഇദ്ദേഹം ഹാമിദ് കര്‍സായിയുടെ പിന്‍ഗാമിയാകാനിരിക്കെയാണ് പ്രതിപക്ഷം പ്രക്ഷോഭ ആഹ്വാനവുമായി രംഗത്തെത്തുകയും രംഗം കലുഷിതമാകുകയും ചെയ്തത്. ഇതോടെ അന്താരാഷ്ട്ര ഏജന്‍സികള്‍ ഇടപെട്ട് ഓഡിറ്റിംഗ് പ്രഖ്യാപിക്കുകയായിരുന്നു.

 

Latest