Connect with us

Articles

സ്റ്റാറായിരുന്നു, ഇനി കീശ ഡ്രൈയാണെഡേ...!

Published

|

Last Updated

നേതാവാണ്. കുട്ടി നേതാവ്. അന്തിയായാല്‍ തലയില്‍ മുണ്ടിട്ടാണ് നടത്തം. അടുത്തുള്ള ബാറിലൊന്നു കേറും. സ്റ്റാറെത്ര ഉണ്ടെന്ന് നോക്കില്ല. ഇറങ്ങുമ്പോള്‍ സൂപ്പര്‍ സ്റ്റാറായിട്ടുണ്ടാകും. ഒരു വര്‍ഷത്തിനുള്ളില്‍ നാട് മുഴുവന്‍ വികസന പ്രവര്‍ത്തനം നടത്തുമെന്ന് നാട്ടുകാരെ അറിയിക്കും. അപ്പോള്‍ ആളുകള്‍ പറയും, നേതാവ് സ്റ്റാറായി.
ബാറുകാരുടെ സ്റ്റാറാണ് ഈ നേതാവ്. നാട്ടില്‍ ബാറെത്തിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ച നേതാവ്. തലസ്ഥാനത്ത് പോയി കാണേണ്ടവരെ കണ്ട് കാര്യങ്ങള്‍ നേടുന്നതില്‍ അഗ്രഗണ്യനാണ്. നേതാവ് ചെന്നാല്‍ ബാറുകാര്‍ പാര്‍ട്ടി ഫണ്ട് തരും. സമ്മേളനം ഉണ്ട്, ജാഥ വരുന്നുണ്ട്, പറയുകയേ വേണ്ടൂ, പണം റെഡി. ഇതിന് പുറമേ മാസപ്പടി വേറെ.
ഇപ്പോള്‍ പത്രങ്ങളായ പത്രങ്ങളൊക്കെ അരിച്ചു പെറുക്കുകയാണ് നേതാവ്. പൊതുവെ പത്രങ്ങള്‍ അലര്‍ജിയായിരുന്നു. വായന തീരെയില്ല.
ഈ മാറ്റം കണ്ട് ഭാര്യ ചോദിച്ചു. “രാവിലെ തന്നെ പത്രങ്ങളുമായിട്ടാണല്ലോ കളി, എന്ത് പറ്റി ചേട്ടാ?”
നീ ഇതൊന്നും അറിയില്ലേ, ബാറ് പൂട്ടിക്കിടക്കുകയാ. അതൊന്ന് തുറപ്പിക്കാനാ ഈ പെടാപ്പാട്.
അതിന് പത്രം വായിച്ചിട്ട് എന്നാ കാര്യം? ഭാര്യക്ക് സംശയം തീരുന്നില്ല.
തലസ്ഥാനത്തെ ഓരോ ചലനവും നോക്കി മനസ്സിലാക്കണം. എങ്ങെനെയെങ്കിലും നാട്ടിലെ ബാറ് തുറന്നില്ലേല്‍ നമ്മുടെ നിലവാരം താഴും. രണ്ട് ദിവസം മുമ്പ് ബാറുകാര് വന്നിരുന്നു. എന്തായി എന്നാ ചോദ്യം. ഒന്നും ഭയക്കാനില്ല. വേഗം തന്നെ കാര്യങ്ങളൊക്കെ ശരിയാകും എന്നാണ് പറഞ്ഞത്.
നിങ്ങള്‍ പറഞ്ഞത് ശരിയാ, ഇങ്ങനെ പോയാല്‍ നമ്മുടെ കഞ്ഞികുടി മുട്ടില്ലേന്നാ എന്റെ സംശയം.
നീ ആ ടീവി ഓണ്‍ ചെയ്യ്. ഏകോപന സമതി ഉണ്ട്. ഇന്ന് മുഴുവന്‍ ചാനലുകാരോടൊപ്പമാ. ബാറ് തുറക്കാമെന്ന തീരുമാനം വന്നാല്‍ ഇന്നാഘോഷം തന്നെ. നേതാവ് കുലുങ്ങിച്ചിരിച്ചു.
ഏകോപന സമിതി തുടങ്ങി, ചാനലില്‍ വാര്‍ത്ത. ഇനി ചര്‍ച്ചയാണ്. നല്ല എരിവും പുളിയുമുള്ള ചര്‍ച്ച. തിരുവനന്തപുരത്ത് നിന്ന് രാജു ചേരുന്നു. എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?
സത്യം പറയാമല്ലോ, തിരഞ്ഞെടുപ്പിന് പോലും ഇത്ര ടെന്‍ഷന്‍ ഇല്ലായിരുന്നു.
വൈകുന്നേരമായപ്പോള്‍ തീരുമാനം വന്നു. മദ്യ നിരോധം വരുന്നു. പൂട്ടിയ ബാറുകള്‍ തുറക്കില്ല, തുറന്നവ പൂട്ടും. കേരളം ഘട്ടം ഘട്ടമായി മദ്യനിരോധത്തിലേക്ക്.
മണ്ണാങ്കട്ട. ഇനി എങ്ങനെ ബാറുകാരുടെ മുഖത്ത് നോക്കും? നൂറ് സീറ്റ് മറ്റവന്‍മാര്‍ക്ക് കിട്ടിയിട്ടും ഇത്ര സങ്കടമുണ്ടായിട്ടില്ല. ഇനി ഞായറാഴ്ചയും ഡ്രൈ ഡേയാണത്രേ! ഇങ്ങനെ പോയാല്‍ നമ്മുടെ കീശയും ഡ്രൈയാകും!
ഏയ്, ബാറ് പൂട്ടിയിട്ടും രാത്രിയെന്തിനാ നേതാവ് തലയില്‍ മുണ്ടിട്ട് നടക്കുന്നത്? നാട്ടിലെ വോട്ടറുടെ ചോദ്യം.
ഏകോപന സമിതി തീരുമാനച്ചതറിഞ്ഞില്ലേ? പൂട്ടിയ ബാറ് തുറക്കേണ്ടെന്ന്. ബാറുകാര് കാണാതിരിക്കാനാ തലയില്‍ മുണ്ടിട്ട് നടക്കുന്നത്.
ചോട്ടാ നേതാവ് കൂടിയുണ്ടല്ലോ, തലയില്‍ മുണ്ടുമായി.
അറിഞ്ഞില്ലേ, പ്ലസ്ടു വാങ്ങിത്തരാമെന്ന് പറഞ്ഞ് സ്‌കൂളുകാരോട് കാശ് വാങ്ങിയിരുന്നു. ഇപ്പോള്‍ പ്ലസ്ടു കോടതി കയറിയില്ലേ? പണം തിരികെ തരണമെന്നും പറഞ്ഞ് സ്‌കൂളുകാര് പുറകേ നടക്കുകയാ. തലയില്‍ മുണ്ടിടാതെന്ത് ചെയ്യും?

Latest