ശൈഖ് സായിദ് പുസ്തക പുരസ്‌കാരത്തിന് നിരവധി നാമനിര്‍ദേശങ്ങള്‍

Posted on: August 26, 2014 7:26 pm | Last updated: August 26, 2014 at 7:26 pm

അബുദാബി: ശൈഖ് സായിദ് പുസ്തക പുരസ്‌കാരത്തിന് അയച്ചുകിട്ടിയ കൃതികളുടെ പരിശോധന ഉടന്‍ തുടങ്ങുമെന്ന് കമ്മിറ്റി സെക്രട്ടറി ജനറല്‍ ഡോ. അലി ബിന്‍ തമീം അറിയിച്ചു. സെപ്തംബര്‍ ഒന്നു വരെ കൃതികള്‍ സ്വീകരിക്കും. ഒമ്പത് വിഭാഗങ്ങളിലായാണ് പുരസ്‌കാരം.
യുവ എഴുത്തുകാര്‍ക്കുള്ള പുരസ്‌കാരത്തിനാണ് ഏറ്റവും കൂടുതല്‍ നാമനിര്‍ദേശം ലഭിച്ചിരിക്കുന്നത്. നാമനിര്‍ദേശങ്ങളില്‍ 26 ശതമാനം അതിനാണ്. പൊതു സാഹിത്യ വിഭാഗത്തില്‍ നിര്‍ദേശം ലഭിച്ചത് 22 ശതമാനം വരും. വിമര്‍ശകകൃതിക്ക് വേണ്ടി 12 ശതമാനവും വിവര്‍ത്തനത്തിന് 10 ശതമാനവും നാമനിര്‍ദേശം ലഭിച്ചു.
കഴിഞ്ഞ വര്‍ഷവും യുവ എഴുത്തുകാര്‍ക്കുള്ള പുരസ്‌കാരത്തിന് നിരവധി നാമനിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നു. 70 ലക്ഷം ദിര്‍ഹമിന്റെ സമ്മാനമാണ് നല്‍കുന്നത്. യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ സ്മരണാര്‍ഥമാണ് സമ്മാനങ്ങള്‍.