Connect with us

Ongoing News

സംസ്ഥാനത്തെ ബാറുകള്‍ 12നകം പൂട്ടണം: മന്ത്രി കെ ബാബു

Published

|

Last Updated

തിരുവനന്തപുരം: അടുത്ത മാസം 12നകം സംസ്ഥാനത്തെ ബാറുകള്‍ പൂട്ടണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുമെന്ന് എക്‌സൈസ് മന്ത്രി കെ ബാബു. ബാര്‍ലൈസന്‍സ് റദ്ദാക്കണമെന്ന് കാണിച്ച് മറ്റന്നാള്‍ തന്നെ 15 ദിവസത്തെ നോട്ടിസ് നല്‍കുമെന്നും മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബാറുകള്‍ പുട്ടുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന ഉന്നതലയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് മൊത്തം 732 ബാറുകളാണുള്ളത്. ഇതില്‍ 418 എണ്ണം നിലവില്‍ പൂട്ടിക്കിടക്കുകയാണ്. രണ്ടെണ്ണത്തിന്റെ ലൈസന്‍സ് കാലാവധി തീര്‍ന്നിട്ടുണ്ട്. ബാക്കി 312 ബാറുകള്‍ കൂടി അടുത്ത മാസം 12നകം പൂട്ടുമെന്ന് മന്ത്രി പറഞ്ഞു. ബാറുകള്‍ പൂട്ടുമ്പോള്‍ നിലവിലെ സ്‌റ്റോക്ക് തിരിച്ചെടുക്കുന്നതിനുള്ള ചടങ്ങള്‍ ലഘൂകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ കൂടുതല്‍ തീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തിലുണ്ടാകും.

പള്ളികളില്‍ കുര്‍ബാനയ്ക്ക് വൈന്‍ ഉപയോഗിക്കുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്നും പുതിയ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് നല്‍കുമെന്നും മന്ത്രി അറിയിച്ചു.  ബിയര്‍ വൈന്‍ പാര്‍ലറുകളുടെ ലൈസന്‍സ് ഫീ നാല് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കി ഉയര്‍ത്താനും ഉന്നതതലയോഗത്തില്‍ തീരുമാനമായി.

മദ്യത്തിനും ലഹരിക്കുമെതിരെ സ്‌കൂള്‍തലം മുതല്‍ ബോധവത്കരണം നടത്തും. ഇതിനായി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.