പ്രവാസി വോട്ടവകാശം: അന്തിമ റിപ്പോര്‍ട്ട് ഒരു മാസത്തിനകം

Posted on: August 25, 2014 10:12 pm | Last updated: August 25, 2014 at 10:15 pm

voteഅബുദാബി : പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നതു സംബന്ധിച്ച അന്തിമറിപോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയെ അറിയിച്ചു. വിഷയം പഠിക്കണമെന്ന കോടതിയുടെ നിര്‍ദേശ പ്രകാരം ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണറുടെ അധ്യക്ഷതയില്‍ പ്രത്യേക സമിതി രൂപീകരിച്ചെന്നും കരട് റിപോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും ജസ്റ്റീസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ ബഞ്ചിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വിശദമായ ചര്‍ച്ചകള്‍ക്കായി റിപോര്‍ട്ട് വിവിധ മന്ത്രാലയങ്ങളിലേക്ക് അയച്ചിരിക്കുകയാണ്. പ്രവാസികള്‍ക്ക് അനുകൂലമായ കാര്യങ്ങളാണ് കരട് റിപോര്‍ട്ടിലുള്ളത്. അന്തിമറിപോര്‍ട്ട് ഒരു മാസത്തിനകം കോടതിയില്‍ സമര്‍പ്പിക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. പ്രവാസികള്‍ക്ക് അനുകൂലമായ റിപോര്‍ട് മികച്ച കാര്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഈ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ കേസ് ഉടന്‍ തീര്‍പ്പാക്കുമെന്നും ജസ്റ്റീസ് എച്ച് എല്‍ ദത്തു പറഞ്ഞു.

പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നതിന് പൂര്‍ണ യോജിപ്പാണെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. പ്രവാസികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന രാജ്യത്തിരുന്നു തന്നെ വോട്ട് ചെയ്യാന്‍ അവസരം ഒരുക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ പ്രവാസി വ്യവസായിയും പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവുമായ ഡോ. ഷംസീര്‍ വയലിലാണ് അഡ്വ.ഹാരിസ് ബീരാന്‍ മുഖേന ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ഹരജി നേരത്തെ പരിഗണിച്ച കോടതി ഭരണഘടനാപരമായ അവകാശമായ വോട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സ്വകാര്യ കമ്പനികളിലും ജോലിയെടുക്കുവര്‍ക്കും നടപ്പാക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും നിര്‍ദേശം നല്‍കിയിരുന്നു.

പ്രവാസി വോട്ടവകാശത്തിന് തടസം സൃഷ്ടിക്കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ 20എ വകുപ്പ് റദ്ദാക്കണമൊവശ്യപ്പെട്ടാണ് ഷംസീര്‍ വയലില്‍ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 2010ല്‍ നിയമഭേദഗതി കൊണ്ടുവെന്നങ്കിലും 20എ വകുപ്പ് പ്രതിബന്ധമായി നിലനില്‍ക്കുകയാണെന്ന് ഹരജി പറയുന്നു. വോട്ട് ചെയ്യേണ്ടവര്‍ മാതൃരാജ്യത്ത് തിരിച്ചെത്തേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇത്തരം അവസ്ഥ തടയാന്‍ 114 ലോകരാജ്യങ്ങള്‍ പ്രവാസികള്‍ക്കായി പ്രത്യേക സംവിധാനങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്നും ഹരജി ചൂണ്ടിക്കാട്ടുന്നു.