അതിര്‍ത്തിയും അയല്‍ ബന്ധവും

Posted on: August 25, 2014 1:24 pm | Last updated: August 25, 2014 at 1:24 pm

ഇന്ത്യാ പാക് ബന്ധം ഊഷ്മളമാകുന്നുവെന്നും ചര്‍ച്ചയുടെയും സമവായത്തിന്റെയും പുതിയ അധ്യായങ്ങള്‍ തുറക്കുന്നുവെന്നും പ്രതീക്ഷയുണര്‍ത്തിയ ദിനങ്ങള്‍ പിന്നിട്ട്, വീണ്ടും സങ്കീര്‍ണമാകുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പാക് പ്രധാനമന്ത്രിയെ ക്ഷണിച്ചതും നിര്‍ത്തിവെച്ച സെക്രട്ടറിതല ചര്‍ച്ച പുനരാരംഭിച്ചതും വാണിജ്യ രംഗത്ത് ചില ചുവടുവെപ്പുകള്‍ ഇരു രാജ്യങ്ങളും നടത്തിയതുമാണ് പ്രതീക്ഷയുയര്‍ത്തിയത്. പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാമെന്ന് മോദി നേരത്തെ ഉറപ്പ് നല്‍കിയതാണ്. ഇതോടനുബന്ധിച്ച് ഗൗരവതരമായ നിരവധി ചര്‍ച്ചകള്‍ നടക്കേണ്ടതുമായിരുന്നു. എന്നാല്‍ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെയും ജമ്മു കാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട്, ഹുര്‍റിയത് കോണ്‍ഫറന്‍സ് നേതാക്കളുമായി ഇന്ത്യയിലെ പാക് സ്ഥാനപതി അബ്ദുല്‍ ബാസിത് ചര്‍ച്ച നടത്തിയതിന്റെയും പശ്ചാത്തലത്തില്‍ ഈ സാധ്യതകളെല്ലാം അസ്തമിക്കുകയാണ്. സെക്രട്ടറിതല ചര്‍ച്ചകള്‍ ഇന്ത്യ റദ്ദാക്കിക്കഴിഞ്ഞു. ഈയടുത്ത കാലത്തെ ഏറ്റവും രൂക്ഷമായ വാക്‌പോരാണ് ഇരു പക്ഷത്തെയും നേതാക്കള്‍ നടത്തിയത്. അതിര്‍ത്തിയിലാണെങ്കില്‍ പാക്കിസ്ഥാന്‍ രണ്ടാഴ്ചക്കിടെ 16 തവണ വെടിനിര്‍ത്തല്‍ ലംഘിച്ചു. ഓരോ തവണയും ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കുന്നു. നുഴഞ്ഞുകയറ്റ ശ്രമവും നടക്കുന്നു. ജമ്മുവിലെ ആര്‍ എസ് പുര സെക്ടറില്‍ പാക് അതിര്‍ത്തി സേനയായ പാക് റേഞ്ചേഴ്‌സ് കഴിഞ്ഞ ദിവസം നടത്തിയ വെടിവെപ്പില്‍ എട്ട് വയസ്സുകാരനുള്‍പ്പെടെ രണ്ട് ഗ്രാമീണര്‍ കൊല്ലപ്പെട്ടു. 22 ബി എസ് എഫ് പോസ്റ്റുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ത്യന്‍ ആക്രമണത്തില്‍ സിയാല്‍ക്കോട്ടില്‍ അറുപതുകാരനും ഒരു സ്ത്രീയും കൊല്ലപ്പെട്ടതായി പാക്കിസ്ഥാന്‍ സേന കുറ്റപ്പെടുത്തിയിട്ടുണ്ട്. പരസ്പരം വെടിവെപ്പ് ഇന്നലെയും തുടര്‍ന്നു.
ഇരു പക്ഷത്തെയും സമാധാനകാംക്ഷികളെ അങ്ങേയറ്റം നിരാശരാക്കുന്നതും വേദനിപ്പിക്കുന്നതുമാണ് ഈ സാഹചര്യം. എന്നാല്‍ ഇരുരാജ്യങ്ങളിലെയും തീവ്ര ഗ്രൂപ്പുകള്‍ സന്തോഷിക്കുകയാണ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം എക്കാലവും സംഘര്‍ഷഭരിതമായിരിക്കണം എന്ന് ആഗ്രഹിക്കുന്ന ആഗോളശക്തികളും ഈ വാര്‍ത്തകളില്‍ ആവേശം കൊള്ളും. പലപ്പോഴും ഇത്തരം സംഘര്‍ഷങ്ങള്‍ അതത് കാലത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മറികടക്കാന്‍ ഇരുരാജ്യങ്ങളിലെയും തത്പര കക്ഷികള്‍ ബോധപൂര്‍വം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. പാക്കിസ്ഥാനിലെ വര്‍ത്തമാനകാല സാഹചര്യം ഈ സംശയം ബലപ്പെടുത്തുന്നതാണ്. അവിടെ പ്രധാനമന്ത്രി നവാസ് ശരീഫ് കടുത്ത പ്രതിസന്ധിയിലാണ്. സൂഫി പണ്ഡിതനും കനേഡിയന്‍ പൗരത്വം കൂടിയുള്ള രാഷ്ട്രീയ നേതാവുമായ ത്വാഹിറുല്‍ ഖാദിരിയുടെ അനുയായികളും പാര്‍ലിമെന്റിലെ മൂന്നാമത്തെ വലിയ പാര്‍ട്ടിയായ തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി മേധാവിയും മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായ ഇമ്രാന്‍ ഖാന്റെ അനുയായികളും സര്‍ക്കാറിനെ താഴെയിറക്കാനായി കൊണ്ടുപിടിച്ച ശ്രമം നടത്തുകയാണ്. പാര്‍ലിമെന്റ് വളയാനാണ് അവരുടെ തീരുമാനം. വിലക്കയറ്റം അടക്കമുള്ള പ്രശ്‌നങ്ങളില്‍ ഹതാശരായ ജനസാമാന്യം ഈ പ്രക്ഷോഭത്തെ പിന്തുണക്കുന്നുണ്ടെന്നതാണ് സത്യം. ഈ കലുഷിതമായ അന്തരീക്ഷത്തില്‍ കാശ്മീര്‍, ഇന്ത്യ, അതിര്‍ത്തി തുടങ്ങിയ വൈകാരികതകള്‍ പുകച്ചു നിര്‍ത്താന്‍ പാക്കിസ്ഥാനില്‍ ആരൊക്കെയോ ശ്രമിക്കുന്നുണ്ടെന്ന് വേണം വിലയിരുത്താന്‍.
അതേസമയം, ഇന്ത്യയുടെ പ്രതികരണം പക്വമായോ എന്നു കൂടി വിലയിരുത്തേണ്ടതുണ്ട്. രണ്ട് വര്‍ഷമായി മുടങ്ങിക്കിടക്കുന്ന സെക്രട്ടറിതല ചര്‍ച്ച ഇന്ന് തുടങ്ങേണ്ടതായിരുന്നു. 2012 സെപ്തംബറിലാണ് ഏറ്റവും ഒടുവില്‍ വിദേശകാര്യ മന്ത്രിതല- സെക്രട്ടറിതല ചര്‍ച്ച നടന്നത്. ഹുര്‍റിയത് നേതാക്കളുമായും ജെ കെ എല്‍ എഫ് നേതാക്കളുമായും പാക് ഹൈക്കമ്മീഷനര്‍ ചര്‍ച്ച നടത്തിയതിന് ഇന്ത്യ അമിത ഗൗരവം കൊടുക്കുകയായിരുന്നു. വിഘടനവാദി നേതാക്കളുമായാണോ രാജ്യത്തെ രാഷ്ട്രീയ നേതൃത്വവുമായാണോ ചര്‍ച്ച നടത്തേണ്ടതെന്ന് പാക്കിസ്ഥാന്‍ തീരുമാനിക്കണമെന്നാണ് ഇന്ത്യ പ്രതികരിച്ചത്. ചര്‍ച്ച ആരുടെയും ഔദാര്യമല്ലെന്നും പ്രശ്‌നപരിഹാരത്തിനാണ് കാശ്മീരില്‍ നിന്നുള്ളവരുമായി ചര്‍ച്ച നടത്തിയതെന്നും പാക് സ്ഥാനപതി തിരിച്ചടിച്ചു. സത്യത്തില്‍ ഇതാദ്യമായല്ല ഇത്തരം ചര്‍ച്ച നടക്കുന്നത്. ആള്‍ പാര്‍ട്ടി ഹുര്‍റിയത് കോണ്‍ഫറന്‍സ് 1993ല്‍ രൂപം കൊണ്ടത് മുതല്‍ അവര്‍ ഇന്ത്യന്‍ മണ്ണില്‍ വെച്ച് പലപ്പോഴും പാക് നേതൃത്വവുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാറിന്റെ കാലത്ത് മാത്രമല്ല, വാജ്‌പേയി സര്‍ക്കാറിന്റെ കാലത്തും ഇത്തരം ചര്‍ച്ചകള്‍ നടന്നിരുന്നു. 1995ല്‍ പാക് പ്രസിഡന്റ് ഫാറൂഖ് ലഗാരി സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയപ്പോഴാണ് ഹുര്‍റിയത് നേതാക്കളുമായി ആദ്യ ചര്‍ച്ച ന്യൂഡല്‍ഹിയില്‍ നടന്നത്. 2001ല്‍ വാജ്‌പേയിയും മുശര്‍റഫും തമ്മില്‍ ആഗ്രയില്‍ നടന്ന ഉച്ചകോടിയുടെ മുന്നോടിയായി മുശര്‍റഫ് ഹുര്‍റിയത് നേതാക്കളുമായി ന്യൂഡല്‍ഹിയിലെ പാക്കിസ്ഥാന്‍ എംബസിയില്‍ കൂടിക്കാഴ്ച നടത്തി. 2005ല്‍ മുശര്‍റഫ് വീണ്ടും ഡല്‍ഹിയില്‍ എത്തിയപ്പോള്‍ ഇത് ആവര്‍ത്തിച്ചു. 2011 ല്‍ പാക് വിദേശകാര്യ മന്ത്രി ഹിനാ റബ്ബാനിയും ഹുര്‍റിയത് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. അപ്പോള്‍ ഈ ചര്‍ച്ചയല്ല പ്രശ്‌നം. മറിച്ച് പാക്കിസ്ഥാനുമായി നല്ല ബന്ധം പാടില്ലെന്ന് ശഠിക്കുന്ന ആര്‍ എസ് എസ് അടക്കമുള്ള ശക്തികളുടെ സമ്മര്‍ദമാണ് വിഷയം. പിന്നെ വരാനിരിക്കുന്ന കാശ്മീര്‍ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം സാധ്യമാക്കുകയടക്കമുളള രാഷ്ട്രീയ ലക്ഷ്യങ്ങളും. മറുപുറത്ത് ഇന്ത്യയുമായി എപ്പോഴൊക്കെ ചര്‍ച്ചയുടെ വാതില്‍ തുറന്നോ അപ്പോഴൊക്കെ പ്രകോപനം സൃഷ്ടിക്കുന്ന പാക്കിസ്ഥാനിലെ ഒരു പറ്റം സൈനിക, സിവിലിയന്‍ നേതാക്കളും. ചര്‍ച്ചയുടെ നല്ല തിങ്കളാഴ്ച നഷ്ടപ്പെട്ടതില്‍ പരിതപിക്കുകയേ ഇരു പക്ഷത്തേയും പൗരന്‍മാര്‍ക്ക് നിര്‍വാഹമുള്ളൂ.