Connect with us

Gulf

കേരളത്തിലെ മദ്യനയത്തിന് അറബ് നാടുകളില്‍ വന്‍ സ്വീകാര്യത

Published

|

Last Updated

മസ്‌കത്ത്: കേരളത്തിലെ മദ്യനയത്തിന് അറബ് നാടുകളില്‍ വന്‍ സ്വീകാര്യത. അറേബ്യന്‍ മാധ്യമങ്ങളിലും സോഷ്യല്‍ സൈറ്റുകളിലും സര്‍ക്കാറിന്റെ മദ്യ നയം ചര്‍ച്ചയായിട്ടുണ്ട്. പൂര്‍ണമായും മദ്യ നിരോധമേര്‍പ്പെടുത്താന്‍ സാധിക്കട്ടേയെന്ന് പലരും ആശംസിച്ചു. അല്‍ അറേബ്യ, അല്‍ ശബീബ തുടങ്ങിയ മധ്യമങ്ങള്‍ പ്രാധാന്യത്തോടെ തന്നെ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങളിലും വാര്‍ത്ത ഇടം പിടിച്ചിട്ടുണ്ട്. ബി ബി സി, റേഡിയോ ആസ്‌ത്രേലിയ, റോയിട്ടേഴ്‌സ്, എ എഫ് പി, എ ബി സി ന്യൂസ് തുടഹങ്ങിയ മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധപ്പെടുത്തി.
ബി ബി സിയുടെ ഏഷ്യന്‍ വാര്‍ത്തയുടെ ഹോം പേജില്‍ പ്രസിദ്ധപ്പെടുത്തിയ വാര്‍ത്തയില്‍ മോഹന്‍ലാലിന്റെ പടമാണ് ഇമേജായി നല്‍കിയത്. ഒമാന്‍ അടക്കമുള്ള ജി സി സി രാജ്യങ്ങളിലെ പ്രമുഖന്മാരുടെ ട്വിറ്ററിലും മദ്യ നിരോധം ചര്‍ച്ചയായിട്ടുണ്ട്. അതേസമയം, മദ്യ നയവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പ്രവാസികള്‍ക്കിടയില്‍ വ്യത്യസ്താഭിപ്രായമാണ്. ഭൂരിഭാഗവും മദ്യനയത്തെ അനുകൂലിക്കുമ്പോള്‍ ചുരുക്കം ചിലര്‍ ഇതിനെ എതിര്‍ക്കുന്നുണ്ട്. ചിലയിടങ്ങളില്‍ പ്രവാസികള്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്ത് മദ്യനയം നടപ്പാക്കിയതില്‍ ആഘോഷം പങ്കുവെച്ചു. എന്നാല്‍ മദ്യം നിരോധിച്ചത് കൊണ്ട് മാത്രമായില്ലെന്നും വ്യാജ മദ്യങ്ങളും വാറ്റ് ചാരായവും സുലഭമാകുന്നത് തടയാന്‍ അനിവാര്യമായ നടപടി സ്വീകരിക്കണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

Latest