Connect with us

Ongoing News

എട്ട് പേരെ ചൈന തൂക്കിലേറ്റി

Published

|

Last Updated

ബീജിംഗ്: രാജ്യത്തുടനീളം തീവ്രവാദ ആക്രമണം നടത്തിയെന്ന് ആരോപിച്ച് എട്ട് പേരെ ചൈന തൂക്കിലേറ്റി. തലസ്ഥാനമായ ബീജിംഗിലെ ടിയാനന്‍മെന്‍ സ്‌ക്വയറില്‍ കഴിഞ്ഞ വര്‍ഷം കാര്‍ ഇടിച്ചുകയറ്റിയ സംഭവത്തിന് പിറകില്‍ പ്രവര്‍ത്തിച്ചുവെന്ന് കരുതുന്ന മൂന്ന് പേരും തൂക്കിലേറ്റപ്പെട്ടവരില്‍ ഉള്‍പ്പെടും. ബീജിംഗിലും സിന്‍ജിയാംഗ് മേഖലയിലുമായി നിരവധി കേസുകളില്‍ ഉള്‍പ്പെട്ടവരാണ് എട്ട് പേരുമെന്ന് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് ടിയാനമെന്‍ സ്‌ക്വയറിലെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ സംഭവമുണ്ടായത്. ഇതില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ കേസിലാണ് മൂന്ന് പേര്‍ക്ക് വധശിക്ഷ ലഭിച്ചത്. അനധികൃത സ്‌ഫോടക വസ്തുക്കള്‍ നിര്‍മിച്ച് പോലീസ് ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും വധിച്ചതിനാണ് മറ്റ് അഞ്ച് പേര്‍ ശിക്ഷിക്കപ്പെട്ടത്. തീവ്രവാദക്കുറ്റമാരോപിച്ച് 13 പേരെ ജൂണില്‍ ചൈന തൂക്കിലേറ്റിയിരുന്നു.

Latest