Connect with us

International

ബെയ്ജി എണ്ണ ശാല പിടിച്ചെടുക്കാന്‍ വിമത നീക്കം

Published

|

Last Updated

ബഗ്ദാദ്/ ദമസ്‌കസ്: ഇറാഖിലെ പ്രധാന എണ്ണ ശുദ്ധീകരണശാല പിടിച്ചെടുക്കാന്‍ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ എസ്) വിമതര്‍ വീണ്ടും ശ്രമം ശക്തമാക്കി. അമേരിക്കന്‍ വ്യോമാക്രമണ സഹായത്തോടെ സുരക്ഷാ സൈനികര്‍ കനത്ത പോരാട്ടമാണ് ഇവിടെ നടത്തുന്നത്. ബഗ്ദാദിന് വടക്കു ഭാഗത്തുള്ള ബെയ്ജി എണ്ണ ശുദ്ധീകരണശാലക്ക് നേരെ മൂന്ന് ഭാഗങ്ങളില്‍ നിന്ന് വിമതര്‍ ആക്രമണം നടത്തുകയായിരുന്നു. മൂന്ന് ഇറാഖീ സൈനികര്‍ മരിച്ചിട്ടുണ്ട്. ഏഴ് പേര്‍ക്ക് പരുക്കേറ്റു. അതേസമയം, വടക്കന്‍ നഗരമായ കിര്‍കുക്കിലും ശക്തമായ ബോംബ് സ്‌ഫോടനങ്ങളുണ്ടായി. 31 പേര്‍ കൊല്ലപ്പെട്ടു.
പുതിയ പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ ശിയാ സര്‍ക്കാറിന് പിന്തുണ അര്‍പ്പിക്കാന്‍ ഇറാന്‍ വിദേശ മന്ത്രി ജവാദ് ള്വരീഫ് ബഗ്ദാദ് സന്ദര്‍ശിക്കുന്ന പശ്ചാത്തലത്തിലാണ് ആക്രമണം. ശനിയാഴ്ച അര്‍ധരാത്രിക്ക് ആരംഭിച്ച പോരാട്ടം പകലും തുടര്‍ന്നു. ഇറാഖിലെ ശുദ്ധീകരിച്ച എണ്ണ ഉത്പന്നങ്ങളുടെ 50 ശതമാനം വിതരണം നടത്തുന്നത് ബെയ്ജിയില്‍ നിന്നാണ്. ശാലയുടെ വളപ്പില്‍ കയറാന്‍ ശ്രമിച്ച വിമതരെ തുരത്തിയിട്ടുണ്ട്. വടക്കുഭാഗത്തെ എണ്ണ ഉത്പാദനവും കപ്പല്‍ സര്‍വീസും തടസ്സപ്പെട്ടിട്ടുണ്ട്. എന്നാല്‍ തെക്ക് ഭാഗത്തെ ശാലകള്‍ തടസ്സമില്ലാതെ പ്രവര്‍ത്തിച്ചു.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് ഇറാന്‍ വിദേശകാര്യ മന്ത്രി ബഗ്ദാദിലെത്തിയത്. ഇറാഖ് വിദേശകാര്യ മന്ത്രി ഹോശിയാര്‍ സബാരിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. അതിര്‍ത്തി വിഷയങ്ങളടക്കം നിരവധി പ്രശ്‌നങ്ങള്‍ ള്വരീഫിന്റെ സന്ദര്‍ശന അജന്‍ഡയിലുണ്ട്. അബാദിയെ പ്രധാനമന്ത്രിയായി നിര്‍ദേശിക്കും വരെ പുറത്തുപോകുന്ന പ്രധാനമന്ത്രി നൂരി അല്‍ മാലികിയെ എപ്പോഴും ഇറാന്‍ പിന്തുണച്ചിരുന്നു.
എണ്ണസമ്പന്ന നഗരമായ കിര്‍കുക്കില്‍ ജനക്കൂട്ടത്തിനിടയിലാണ് ബോംബ് സ്‌ഫോടനമുണ്ടായത്. ബഗ്ദാദില്‍ കഴിഞ്ഞ ദിവസം ഇന്റലിജന്‍സ് കെട്ടിടത്തിന് സമീപം ചാവേര്‍ ആക്രമണം നടന്നിരുന്നു. 11 പേരാണ് കൊല്ലപ്പെട്ടത്. അതേസമയം, സിറിയയില്‍ തബ്ഖ വ്യോമത്താവളം ഐ എസ് വിമതര്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്. വിമാനത്താവളത്തില്‍ ശക്തമായ ആക്രമണം നടക്കുന്നതായി സിറിയന്‍ മനുഷ്യാവകാശ നിരീക്ഷക സംഘം അറിയിച്ചു. സൈനികരുടെ നിരവധി മൃതദേഹങ്ങള്‍ കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

Latest