ഇറാഖിലെ സര്‍ക്കാര്‍ രൂപവല്‍ക്കരണ ചര്‍ച്ചകള്‍ പ്രതിസന്ധിയില്‍

Posted on: August 24, 2014 6:00 am | Last updated: August 23, 2014 at 11:01 pm

iraque presidentബഗ്ദാദ്: വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ദിയാലയിലെ സുന്നി പള്ളിയില്‍ ശിയ സായുധ സംഘം കൂട്ടക്കശാപ്പ് നടത്തിയതിനെ തുടര്‍ന്ന് ഇറാഖിലെ സര്‍ക്കാര്‍ രൂപവത്കരണ ചര്‍ച്ച വഴിമുട്ടി. സുന്നി രാഷ്ട്രീയ നേതാക്കള്‍ ചര്‍ച്ച റദ്ദാക്കിയിട്ടുണ്ട്. സുന്നി പള്ളിയില്‍ നടത്തിയ കൂട്ടക്കശാപ്പില്‍ 73 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തെ പാര്‍ലിമെന്റ് സ്പീക്കര്‍ സാലിം അല്‍ ജബൗരി അപലപിച്ചു.

രാഷ്ട്രീയ നടപടിക്രമം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതെന്നും ഇറാഖി സമൂഹത്തെയും സാമൂഹിക ചട്ടക്കൂടിനെയുമാണ് ഇത്തരക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നും ജബൗരി പറഞ്ഞു. 48 മണിക്കൂറിനകം സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്നും ഇരകളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ജബൗരിയും ഉപപ്രധാനമന്ത്രി സ്വാലിഹ് അല്‍ മുത്‌ലകും, പുറത്തുപോകുന്ന പ്രധാനമന്ത്രി നൂരി അല്‍ മാലികിയോടും ശിയ പാര്‍ലിമെന്ററി ബ്ലോക്കിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണത്തെ നിയുക്ത പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി അപലപിച്ചു. ദിയാലയിലെ ഇമാം വാഇസ് ഗ്രാമത്തില്‍ മൂസബ് ബിന്‍ ഉമൈര്‍ പള്ളിയിലാണ് ജുമുഅ നിസ്‌കാരത്തിനിടെ ആക്രമണം നടന്നത്. ബോംബിട്ട് വാതിലുകള്‍ തകര്‍ത്ത് അകത്തുകടന്ന സായുധ സംഘം പള്ളിയിലുള്ളവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
അതേസമയം, വടക്കന്‍ ഇറാഖിലെ അമീര്‍ലി നഗരത്തിലെ കൂട്ടക്കൊല തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് യു എന്‍ ആവശ്യപ്പെട്ടു. ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ എസ്) വിമതര്‍ ഉപരോധിച്ച നഗരത്തിലെ ജനങ്ങള്‍ക്ക് വെള്ളവും ഭക്ഷണവും മരുന്നുകളും ലഭിക്കുന്നില്ലെന്നും വൈദ്യുതിയില്ലെന്നും യു എന്‍ പ്രത്യേക പ്രതിനിധി നിക്കൊലായ് മ്ലാദിനോവ് അറിയിച്ചു. തുര്‍ക്‌മെന്‍ ശിയാക്കളാണ് ഇവിടുത്തെ താമസക്കാര്‍.