അനുഷ്‌കക്കൊപ്പം ചുറ്റിയടി, താമസം; കോഹ്‌ലി വിവാദത്തില്‍

Posted on: August 23, 2014 6:00 am | Last updated: August 23, 2014 at 10:42 am

virad kohliന്യൂഡല്‍ഹി: ഇംഗ്ലണ്ടിലെ ക്രിക്കറ്റ് പര്യടന കാലയളവില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കൊപ്പം കാമുകി അനുഷ്‌ക ശര്‍മ തങ്ങുന്നത് വിവാദമാകുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീം മോശം പ്രകടനം കാഴ്ചവെച്ചതിന്റെ പശ്ചാത്തലത്തില്‍ ഭാര്യമാരേയും കാമുകിമാരേയും (വാഗ്‌സ്) ഒപ്പം താമസിക്കുന്നത് വിലക്കണമെന്ന ചര്‍ച്ച നടക്കുമ്പോഴാണ് ബോളിവുഡ് താരമായ അനുഷ്‌ക വിവാദ കഥാപാത്രമായി ഉയര്‍ന്നുവരുന്നത്.
ഇന്ത്യന്‍ ടീം മാനേജര്‍ സുനില്‍ ദേവാണ് കോഹ്‌ലി-അനുഷ്‌ക ബന്ധത്തെ ചോദ്യം ചെയ്തത്. ഭാര്യമാര്‍ ഒരുമിച്ച് താമസിക്കുന്നത് മനസ്സിലാക്കാം. കാമുകിമാര്‍ ഇത്തരം ക്രിക്കറ്റ് പരമ്പരക്കിടെ ഒപ്പം താമസിക്കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന് ചേര്‍ന്നതല്ല. ആരാണ് അനുഷ്‌കക്ക് അനുമതി നല്‍കിയതെന്ന് വ്യക്തമല്ല. ബി സി സിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും സുനില്‍ ദേവ് വ്യക്തമാക്കി. 3-1ന് നാണം കെട്ട ടെസ്റ്റ് പരമ്പരയില്‍ വിരാട് കോഹ്‌ലി അങ്ങേയറ്റം നിരാശപ്പെടുത്തി. അഞ്ച് ടെസ്റ്റുകളില്‍ നിന്ന് ആകെ നേടിയത് 134 റണ്‍സാണ്. വാലറ്റക്കാര്‍ പോലും ഇതിലുമേറെ റണ്‍സടിച്ചപ്പോഴാണ് കോഹ്‌ലി ഉത്തരവാദിത്വം മറന്നത്.
ന്യൂസിലാന്‍ഡ് പര്യടനത്തിനിടെയാണ് കോഹ്‌ലിക്കൊപ്പം അനുഷ്‌ക ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഇവരുടെ പ്രണയനിമിഷങ്ങള്‍ വാര്‍ത്താപ്രാധാന്യം നേടി. ഇംഗ്ലണ്ട് പര്യടനത്തിന് കോഹ്‌ലി പറന്നപ്പോള്‍ പിറകെ തന്നെ അനുഷ്‌കയും പറന്നത് ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചു. എന്നാല്‍, ബി സി സി ഐയിലെ ഉന്നതരുടെ അനുമതിയോടെയാണ് കോഹ്‌ലി-അനുഷ്‌ക പ്രണയകാലം ഇംഗ്ലണ്ടിലും തുടര്‍ന്നുവന്നത് എന്ന ഗുരുതര വീഴ്ചയായി നില്‍ക്കുന്നു. ഇന്ത്യന്‍ ടീം രണ്ട് ദിവസം ശേഷിക്കെ ഇന്നിംഗ്‌സ് തോല്‍വിയേല്‍ക്കുമ്പോള്‍ കോഹ്‌ലി വൈസ് ക്യാപ്റ്റന്റെ ധര്‍മം മറന്ന് അനുഷ്‌കക്കൊപ്പം സമയം ചെലവഴിക്കാന്‍ ഓടുകയായിരുന്നുവെന്നാണ് വിമര്‍ശനം.