ബാറുകള്‍ അടച്ച് പൂട്ടുന്നതിന് നിയമ തടസ്സമില്ലെന്ന് മന്ത്രി ബാബു

Posted on: August 22, 2014 9:52 am | Last updated: August 23, 2014 at 12:51 am

babuതിരുവനന്തപുരം: സംസ്ഥാനത്തെ 312 ബാറുകള്‍ അടച്ചു പൂട്ടുന്ന കാര്യത്തില്‍ നിയമതടസമില്ലെന്ന് എക്‌സൈസ് മന്ത്രി കെ ബാബു. ക്‌ളിഫ് ഹൗസില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോട്ടല്‍ ഉടമകള്‍ക്ക് ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കിയത് ഉപാധികളോടെയായിരുന്നു. പുതിയ മദ്യനയം, പുതുക്കിയ ഫീസ് എന്നീ വ്യവസ്ഥകളാണ് സര്‍ക്കാര്‍ ഉപാധികളായി വെച്ചിരുന്നത്. നിലവിലുള്ള ലൈസന്‍സ് കാലാവധി മാര്‍ച്ച് ഒന്നിന് അവസാനിക്കും. തുടര്‍ന്ന് ലൈസന്‍സ് പുതുക്കി നല്‍കില്ല. വിഷയം നിയമതടസത്തിലേക്ക് പോകില്‌ളെന്നും ഏപ്രില്‍ ഒന്നിന് പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുമെന്നും ബാബു പറഞ്ഞു.

സംസ്ഥാനത്ത് അടുത്ത ഏപ്രില്‍ മുതല്‍ പഞ്ചനക്ഷത്ര ബാറുകള്‍ക്ക് മാത്രം പ്രവര്‍ത്തനാനുമതി നല്‍കിയാല്‍ മതിയെന്ന് ഇന്നലെ ചേര്‍ന്ന യു ഡി എഫ് യോഗം തീരുമാനിച്ചിരുന്നു. ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന 312 ബാറുകള്‍ കൂടി അടച്ചുപൂട്ടാനും യോഗത്തില്‍ ധാരണയായിരുന്നു. ഇതിന്റെ നിയമവശമടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് ഉന്നതതല യോഗം ചേര്‍ന്നത്.