Connect with us

Thrissur

നവജാത ശിശുവിന് ചികിത്സ നിഷേധിച്ച സംഭവം : പിതാവിന്റെ മൊഴിയെടുത്തു

Published

|

Last Updated

തൃശൂര്‍:പനി ബാധിച്ച് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച നവജാത ശിശുവിന് ചികിത്സ നിഷേധിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവില്‍ നിന്ന് അന്വേഷണത്തിന്റെ ഭാഗമായി മൊഴിയെടുത്തു.
മിണാലൂര്‍ സ്വദേശിയും ആംബുലന്‍സ് ഡ്രൈവറുമായ പൊതിയില്‍ നിഷാദിന്റെ 35 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് പനി ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ ആവശ്യമായ ചികിത്സ നല്‍കാതെ ബുദ്ധിമുട്ടിച്ചത്. നിഷാദില്‍ നിന്ന് മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് കെ.ജ്യോതിഷ് മൊഴിയെടുത്തു.
19ന് രാവിലെയാണ് കുഞ്ഞിനെ പനി ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചതെന്നും എന്നാല്‍ അഞ്ചു മണിക്കൂറോളം കുഞ്ഞിന് ചികിത്സ നല്‍കാതെ ബുദ്ധിമുട്ടിച്ചെന്നും കുട്ടിയുടെ പിതാവ് മൊഴി നല്‍കി.
രാവിലെ 11ന് കുഞ്ഞിനെ പനിയും ഛര്‍ദ്ദിയും മറ്റും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുവന്നെന്നും കുട്ടികളുടെ വിഭാഗം മേധാവി ഇന്‍ജക്ഷന്‍ കൊടുത്ത് അത്യാഹിതവിഭാഗത്തില്‍ കിടത്തിയെങ്കിലും പിന്നീടാരും തിരിഞ്ഞുനോക്കിയില്ലെന്നും നിഷാദ് വിശദീകരിച്ചു.
അന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പി ജി വിദ്യാര്‍ഥികളുടെ അനാസ്ഥയാണ് ചികിത്സ വൈകാന്‍ കാരണമെന്ന് സൂചനയുണ്ട്. ഇക്കാര്യവും അന്വേഷണത്തില്‍ ഉള്‍പ്പെടും. എന്തു കാരണം കൊണ്ടാണ് ചികിത്സ വൈകിയതെന്ന് വിശദമായി പരിശോധിക്കും. കുഞ്ഞിന് ചികിത്സ നിഷേധിച്ചത് ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.
മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തുന്ന പാവപ്പെട്ടവര്‍ക്ക് ചികിത്സ നിഷേധിക്കുന്നത് ഇടക്കിടെ ഉണ്ടാവുന്നുണ്ടെന്നും പരാതികളുയര്‍ന്നിട്ടുണ്ട്. നവജാത ശിശുവിന് ചികിത്സ നിഷേധിച്ച സംഭവത്തില്‍ കലക്ടര്‍ക്കും ഡിഎം ഒയ്ക്കും ആരോഗ്യവകുപ്പ് സെക്രട്ടറിക്കും കുഞ്ഞിന്റെ ബന്ധുക്കള്‍ പരാതി നല്‍കി.
തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോള്‍ കുഞ്ഞിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

 

Latest