നികുതി വെട്ടിപ്പ്: സര്‍ക്കാറിന് പ്രതിദിന നഷ്ടം ലക്ഷങ്ങള്‍

Posted on: August 22, 2014 7:40 am | Last updated: August 22, 2014 at 7:40 am

എടക്കര: അന്തര്‍ സംസ്ഥാന പാതയായ നാടുകാണി ചുരം വഴി നികുതി വെട്ടിച്ച് കോഴിക്കുഞ്ഞുങ്ങളെ കടത്തുന്നതിലൂടെ സര്‍ക്കാറിന് പ്രതിദിനം ലക്ഷങ്ങള്‍ നഷ്ടപ്പെടുന്നു.
ബുധനാഴ്ചയും രാത്രിയില്‍ മാത്രം അഞ്ച് ലോഡ് കോഴിക്കുഞ്ഞുങ്ങളെയാണ് വഴിക്കടവ് വാണിജ്യനികുതി ചെക്ക്‌പോസ്റ്റ് വഴി കടത്തിയത്. അതിനു ശേഷം രഹസ്യ വിവരം കിട്ടിയതോടെയാണ് ഇന്നലെ രണ്ട് ലോഡുകള്‍ പിടികൂടാനായത്.
ചെക്ക് പോസ്റ്റ് വെട്ടിച്ച് കാട്ടുപാതയിലൂടെ കോഴിക്കുഞ്ഞുങ്ങളെ തലച്ചുമടായാണ് എത്തിക്കുന്നത്. ചിലര്‍ തമ്മിലുള്ള തര്‍ക്കമാണ് കടത്ത് പോലീസിന് വിവരം ലഭിക്കാനിടയാക്കിയത്. ഒരു കോഴിക്കുഞ്ഞിന് 35 രൂപയണ് വില കണക്കാക്കിയിരിക്കുന്നത്. രജിസ്‌ട്രേഷനുള്ള വ്യാപാരികള്‍ 14.5 ശതമാനം നികുതി അടക്കണം. കണക്കു പ്രകാരം ഒരു കോഴിക്കുഞ്ഞിന് 5.75 രൂപയാണ് നികുതി. രജിസ്‌ട്രേഷനില്ലാത്ത കച്ചവടക്കാരാണെങ്കില്‍ ഇരട്ടി പിഴയടക്കണം.
ഇന്നലെ രണ്ട് വാഹനങ്ങളിലായി 5400 കോഴിക്കുഞ്ഞുങ്ങളെയാണ് നികുതിവെട്ടിച്ചുകൊണ്ട് പോവാന്‍ ശ്രമിച്ചത്. വാണിജ്യനികുതി ചെക്ക് പോസ്റ്റിലെ ചില ഉദ്യോഗസ്ഥരും ഇതിന് ഒത്താശ ചെയ്യുന്നുണ്ടെന്നാണ് ആരോപണം. തമിഴ്‌നാട് മേട്ടുപാളയത്തിനടുത്ത് നിന്നാണ് കോഴിക്കുഞ്ഞുങ്ങളെ കേരളത്തിലെത്തിക്കുന്നത്.