ബാവലി-മൈസൂര്‍ റോഡ് നവീകരിച്ചു; നടുവൊടിക്കുന്ന യാത്ര ഓര്‍മയായി

Posted on: August 22, 2014 7:31 am | Last updated: August 22, 2014 at 7:31 am

കല്‍പ്പറ്റ: ബാവലി-എച്ച്.ഡി.കോട്ട-മൈസൂര്‍ അന്തര്‍സംസ്ഥാന പാതയിലെ നടുവൊടിക്കുന്ന യാത്ര പഴങ്കഥയായി. വടക്കേ വയനാടിനെ കര്‍ണാടകയുമായി ഏറ്റവും എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന ഈ പാതയില്‍ നാഗര്‍ഹോള കടുവാസങ്കേത പരിധിയിലെ ഉത്കൂറിനും ഹൊന്നമനംഗട്ടക്കുമിടയില്‍ ഗ്രാമങ്ങളിലൂടെയുള്ള ഭാഗം ഗതാഗതയോഗ്യമായതോടെയാണ് സഞ്ചാരം സുഖകരമായത്.
നിലവില്‍ കാറിലോ ബൈക്കിലോ മാനന്തവാടിയില്‍നിന്നു മൈസൂരിലെത്താന്‍ രണ്ട് മണിക്കൂര്‍ ധാരാളം. രണ്ടര മുതല്‍ മൂന്നു വരെ മണിക്കൂറാണ് ബസുകളുടെ റണ്ണിംഗ് ടൈം. 115 കിലോ മീറ്ററാണ് മാനന്തവാടിയില്‍നിന്നു കാട്ടിക്കുളം ബാവലി വഴി മൈസൂരിലേക്കുള്ള ദൂരം. ഇതില്‍ കടുവാസങ്കേതത്തിലൂടെയുള്ള യാത്ര മനംകുളിര്‍പ്പിക്കുന്നതുമാണ്. ആനയും മാനും മയിലും കാട്ടിയുമെല്ലാം പലപ്പോഴും വഴിയോരക്കാഴ്ച. ബാവലിക്കും എച്ച്.ഡി.കോട്ടയ്ക്കും ഇടയിലാണ് തെന്നിന്ത്യയിലെ സുപ്രസിദ്ധമായ ബെള്ള ആനവളര്‍ത്തല്‍ കേന്ദ്രവും.
മാനന്തവാടിയെ മൈസൂരുമായി ബന്ധിപ്പിച്ച് രണ്ട് പാതകളാണ് നിലവില്‍. കാട്ടിക്കുളം-കുട്ട-ഗോണിക്കുപ്പ-ഹുന്‍സൂര്‍ വഴിയാണ് ഇതിലൊന്ന്. രണ്ടാമത്തേത് ബാവലി- ഹാന്‍ഡ്‌പോസ്റ്റ്-എച്ച്.ഡി കോട്ടവഴിയും. 130 കിലോ മീറ്ററാണ് ഹുന്‍സൂരിലൂടെ മൈസൂരിലേക്ക്. ഈ വഴിക്കാണ് ഇപ്പോള്‍ വയനാട് ഭാഗത്തുനിന്നു മൈസൂരിലേക്കും തിരിച്ചും ലോറിയും ബസുമടക്കം വാഹനങ്ങളുടെ രാത്രിയോട്ടം. ദേശീയപാത 212ല്‍ ബത്തേരിക്കും ഗുണ്ടല്‍പേട്ടയ്ക്കും ഇടയില്‍ ബന്ദിപ്പുര കടുവാസങ്കേതപരിധിയിലും ബാവലി-മൈസൂര്‍ റോഡില്‍ നാഗര്‍ഹോള കടുവാസങ്കേതത്തിലൂടെയും രാത്രിയാത്ര വിലക്കിയതോടെയാണ് വാഹനങ്ങള്‍ ഹുന്‍സൂര്‍ വഴി ഓട്ടം തുടങ്ങിയത്. മൈസൂരില്‍നിന്നു വരുമ്പോള്‍ ഹാന്‍ഡ്‌പോസ്റ്റ് കഴിഞ്ഞാണ് നാഗര്‍ഹോള കടുവാസങ്കേതത്തിന്റെ എന്‍ട്രി പോയിന്റ്. എക്‌സിറ്റ് പോയിന്റ് കേരള കര്‍ണാടക അതിര്‍ത്തിയിലെ ബാവലിയും. ഇവിടേക്ക് ഹാന്‍ഡ്‌പോസ്റ്റില്‍നിന്നു 56 കിലോ മീറ്റര്‍ ദൂരമുണ്ട്. മാനന്തവാടി-ഹൂന്‍സൂര്‍-മൈസൂര്‍ റോഡില്‍ 40 കിലോ മീറ്റര്‍ വനത്തിലൂടെയാണ്. ഇതില്‍ 10 കിലോമീറ്റര്‍ കേരള പരിധിയിലും ബാക്കി കര്‍ണാടകയിലെ നാഗര്‍ഹോള വനത്തിന്റെ ഭാഗവുമാണ്.
മാനന്തവാടി-എച്ച്.ഡി.കോട്ട-മൈസൂര്‍ റോഡില്‍ ബാവലി മുതല്‍ ഹൊന്നമനംഗട്ട വരെ വനത്തിലൂടെയുള്ള ഭാഗം വര്‍ഷങ്ങളോളം തകര്‍ന്നുകിടക്കുകയായിരുന്നു. ഇതിനു പുറമേ ഉത്കൂറിനും ഹൊന്നമനംഗട്ടയ്ക്കിമിടയില്‍ പ്രധാനപാത കര്‍ണാടക വനം-വന്യജീവി വകുപ്പ് അടയ്ക്കുകയുമുണ്ടായി. ഇടതടവില്ലാത്ത വാഹനഗതാഗതം വന്യജീവികകളുടെ സൈ്വരജീവിതത്തിനു വിഘ്‌നമാകുന്നുവെന്ന ന്യായം പറഞ്ഞായിരുന്നു ഇത്. ഉത്കൂറില്‍നിന്നു തിരിഞ്ഞ് കാരാപ്പുര, മഗ്ഗ, സോഹള്ളി, മറളി എന്നീ വനഗ്രാമങ്ങളിലൂടെ ഹൊന്നമനംഗട്ടയിലെത്തുന്ന 17 കിലോ മീറ്റര്‍ വരുന്ന പാതയാണ് പകരം തുറുന്നുകൊടുത്തത്.
വാഹനങ്ങള്‍ ഓടിയോടി ഇഞ്ചപ്പരുവത്തിലായ ഈ റോഡിന്റെ നവീകരണ പ്രവൃത്തിയാണ് പൂര്‍ത്തിയായത്.
റോഡ് ആക്ഷന്‍ കമ്മിറ്റി ആദ്യം കര്‍ണാടക ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിലും നടത്തിയ നിയമയുദ്ധത്തിനൊടുവിലാണ് നാഗര്‍ഹോള വനത്തിലൂടെയുള്ള ഭാഗം റീടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കാന്‍ ഉപാധികളോടെ അനുമതിയായത്. ഇതേത്തുടര്‍ന്ന് വീതി കൂട്ടാതെയും 500 മീറ്റര്‍ ഇടവിട്ട് വരമ്പുകള്‍ തീര്‍ത്തും കുറെഭാഗം സഞ്ചാരയോഗ്യമാക്കിയെങ്കിലും നേരത്തേ അടച്ച പ്രധാനപാതയുടെ ഭാഗം ഗതാഗതത്തിനു തുറന്നുകൊടുത്തിരുന്നില്ല.
കബനി നദിയോടു ചേര്‍ന്നാണ് നവീകരിച്ച റോഡ് കടന്നുപോകുന്ന കാരാപ്പുര ഗ്രാമം. ഇവിടെനിന്നു ഏറെ അകലെയല്ല ബീച്ചനഹള്ളി അണ. വയനാട്ടിലെ മഴവെള്ളം കബനിയിലൂടെ ഈ അണയിലാണ് എത്തുന്നത്. കാരാപ്പുരയിലും സമീപപ്രദേശങ്ങളിലുമായാണ് ജംഗിള്‍ ലോഡ്ജ്, കബനി റിവര്‍ ലോഡ്ജ്, സിക്കാഡ കബനി, ബിസണ്‍ ടെന്റ് ക്യാമ്പ് റിസോര്‍ട്ട് എന്നിവ. സ്വദേശികളും വിദേശികളുമടക്കം ധനാഢ്യരായ സഞ്ചാരികളുടെ ഇഷ്ടതാവളങ്ങളാണ് ഇവ.
ബാവലിയില്‍നിന്നു മൈസൂരിലേക്കുള്ളതില്‍ കടുവാസങ്കേതത്തിലൂടെയുള്ള പ്രധാനപാതയില്‍ രാത്രിയാത്ര നിരോധിച്ചിട്ടുണ്ടെങ്കിലും ഗ്രാമങ്ങളിലൂടെയുള്ള ഭാഗത്ത് വിലക്കില്ല. പ്രധാനപാതയില്‍ വൈകീട്ട് ആറു മുതല്‍ രാവിലെ ആറ് വരെയാണ് രാത്രിയാത്രക്ക് നിരോധം.