അസമില്‍ സംഘര്‍ഷം തുടരുന്നു; പോലീസും പ്രക്ഷോഭകരും ഏറ്റുമുട്ടി

Posted on: August 22, 2014 7:24 am | Last updated: August 22, 2014 at 7:24 am

assamഗുവാഹത്തി: അസമിലെ സംഘര്‍ഷബാധിത ജില്ലയായ ഗോലാഘട്ടില്‍ അക്രമ സംഭവങ്ങള്‍ തുടരുന്നു. അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ ഗോലാഘട്ടില്‍ പോലീസും പ്രക്ഷോഭക്കാരും തമ്മില്‍ ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റും പ്രയോഗിച്ചു. ജില്ലയിലെ നുമലിമാര്‍ഗില്‍ ദേശീയ പാത ഉപരോധിക്കാനുള്ള ശ്രമത്തെ തുടര്‍ന്നാണ് ഇന്നലെ അക്രമ സംഭവങ്ങളുണ്ടായത്. ഒരു പോലീസുകാരന് പരുക്കേറ്റു. പോലീസ് വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി.
അതിനിടെ, അസം, നാഗാലാന്‍ഡ് സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ശക്താമാക്കി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു ഇരു സംസ്ഥാനത്തെയും മുഖ്യമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി. സംസ്ഥാനങ്ങളുടെ അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനമായിട്ടുണ്ട്. പ്രശ്‌ന പരിഹാരത്തിനായി ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സംയുക്ത സമിതി പ്രവര്‍ത്തിക്കുമെന്ന് അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ്, നാഗാലാന്‍ഡ് മുഖ്യമന്ത്രി ടി ആര്‍ സെലിയാംഗ് എന്നിവര്‍ക്കൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ കിരണ്‍ റിജ്ജു പറഞ്ഞു. ഇതിന്റെ ഭാഗമായി ഇരു സംസ്ഥാനത്തെയും ഉന്നത ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തും.
സംസ്ഥാന സര്‍ക്കാറുകള്‍ ആവശ്യപ്പെടുകയാണെങ്കില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ സായുധ സേനയെ വിന്യസിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഗോലാഘട്ട് ജില്ലയില്‍ ഇന്നലെ സൈന്യം ഫഌഗ് മാര്‍ച്ച് നടത്തി. ഗോലാഘട്ടില്‍ ബുധനാഴ്ച നടന്ന പോലീസ് വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് പ്രധാന പ്രതിപക്ഷമായ അസം ഗണപരിഷത്ത് ഇന്നലെ സംസ്ഥാന വ്യാപകമായി ബന്ദ് നടത്തി. പോലീസ് വെടിവെപ്പിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടതെന്നാണ് ആരോപണം. എന്നാല്‍, റബ്ബര്‍ ബുള്ളറ്റുകള്‍ മാത്രമാണ് ഉപയോഗിച്ചതെന്നാണ് പോലീസ് അവകാശപ്പെടുന്നത്.
ദേശീയപാത 36ല്‍ നടക്കുന്ന ഉപരോധം ഇന്നലെയും തുടര്‍ന്നു. പ്രക്ഷോഭക്കാര്‍ ടയറുകള്‍ കത്തിച്ചും വലിയ മരങ്ങള്‍ ഉപയോഗിച്ചും ദേശീയപാതയുടെ വിവിധ ഭാഗങ്ങളില്‍ ഉപരോധമേര്‍പ്പെടുത്തിയിട്ടുണ്ട്.
ഈ മാസം പന്ത്രണ്ടിന് നാഗാലാന്‍ഡില്‍ നിന്നെത്തിയെന്ന് പറയപ്പെടുന്ന സായുധരായ തീവ്രവാദികളുടെ ആക്രമണത്തില്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ ഒമ്പത് പേര്‍ കൊല്ലപ്പെട്ടതോടെയാണ് പ്രശ്‌നം രൂക്ഷമായത്.