Connect with us

Ongoing News

ക്ഷേമ പെന്‍ഷനുകള്‍ നല്‍കാന്‍ 700 കോടി

Published

|

Last Updated

തിരുവനന്തപുരം; സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന എല്ലാ സാമൂഹിക ക്ഷേമ പെന്‍ഷനുകളും കുടിശ്ശിക സഹിതം വിതരണം ചെയ്യാന്‍ മന്ത്രിസഭായോഗം 700 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ വര്‍ഷം ബോണസ് ലഭിച്ച എല്ലാ വിഭാഗങ്ങള്‍ക്കും ഇത്തവണയും ബോണസ് ലഭ്യമാക്കും. ഇതിനുള്ള ഉത്തരവ് ഉടന്‍ ഇറങ്ങും. അടുത്തയാഴ്ച ഫണ്ട് റിലീസ് ചെയ്യും. ഓണത്തിന് മുമ്പ് മുഴുവന്‍ തുകയും വിതരണം ചെയ്യുമെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഓണത്തിന് മുമ്പ് തന്നെ പെന്‍ഷനും ബോണസും അര്‍ഹരായവര്‍ക്ക് ലഭിക്കണമെന്നതാണ് സര്‍ക്കാറിന്റെ നയം. കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ യഥാമസമയം ഫണ്ട് റിലീസ് ചെയ്തിട്ടും അവ കൃത്യസമയത്ത് വിതരണം ചെയ്യുന്നതില്‍ ചില തദ്ദേശസ്ഥാപനങ്ങള്‍ വീഴ്ച വരുത്തിയിരുന്നു. ഇത് സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. ഇക്കുറി അതുണ്ടാകില്ലെന്ന് ഉറപ്പുവരുത്തും. ഓണത്തിന് മുമ്പ് തന്നെ ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ധനവകുപ്പ് സെക്രട്ടറി മറ്റ് വകുപ്പുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓണക്കാലത്ത് ഭക്ഷ്യധാന്യങ്ങളുടെ വിതരണം മെച്ചപ്പെടുത്തുന്നതിനായി സിവില്‍ സപ്ലൈസ് കോര്‍പറേഷന് 50 കോടി രൂപയുടെ അടിയന്തര സഹായം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ തവണത്തേത് പോലെ ഓണക്കിറ്റുകള്‍ ഇത്തവണയും വിതരണം ചെയ്യും. ഹോര്‍ട്ടി കോര്‍പ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും കണ്‍സ്യൂമര്‍ ഫെഡിന്റെ വിപണി ഇടപെടലിനും ധനസഹായം നല്‍കും. കഴിഞ്ഞ തവണ ഈ രണ്ട് സ്ഥാപനങ്ങള്‍ക്കും നല്‍കിയ തുക ഇത്തവണയും നല്‍കാനാണ് തീരുമാനം. കോമ്പൗണ്ട് ടാക്‌സിനൊപ്പം ചെറുകിട കരാറുകാര്‍ പര്‍ച്ചെയ്‌സ് ടാക്‌സ് കൂടി നല്‍കണമെന്ന ധനകാര്യബില്ലിലെ വ്യവസ്ഥ മറികടക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ധനകാര്യബില്ല് പാസായ സാഹചര്യത്തില്‍ ഓര്‍ഡിനന്‍സിലൂടെ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയൂ. കരാറുകാരുടെ കുടിശ്ശിക തീര്‍ക്കാന്‍ നേരത്തെ ധാരണയായതാണ്. എന്നാല്‍, നികുതി ഈടാക്കുന്ന സമ്പ്രദായത്തില്‍ മാറ്റംവരുത്തിയതിനെതിരേ കരാറുകാര്‍ സമരത്തിലാണ്. ഇതുമൂലം പൊതുമരാമത്ത് ജോലികള്‍ സ്തംഭിച്ചു. പുതിയ സമ്പ്രദായമനുസരിച്ച് രണ്ടുതരം നികുതി അടയ്‌ക്കേണ്ട സ്ഥിതിവിശേഷമാണുണ്ടായിരിക്കുന്നതെന്നാണ് കരാറുകാര്‍ പരാതിപ്പെടുന്നത്. മന്ത്രിസഭായോഗത്തില്‍ സംസ്ഥാനത്തിന്റെ പദ്ധതി അവലോകനം നടന്നു. എന്നാല്‍, ഇതുസംബന്ധിച്ച വിശദമായ ചര്‍ച്ചകള്‍ നടന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സപ്ലൈക്കോ ജീവനക്കാരുടെ പ്രശ്‌നം കൊച്ചിയില്‍ നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പാക്കിയതാണ്. അവര്‍ വീണ്ടും സമരം തുടങ്ങിയതിനെക്കുറിച്ച് അറിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest