Connect with us

Gulf

വിദ്യാലയങ്ങള്‍ തുറക്കാന്‍ ദിവസങ്ങള്‍; മുന്നൊരുക്കങ്ങളുമായി പോലീസ്

Published

|

Last Updated

ഷാര്‍ജ: വിദ്യാലയങ്ങള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കവേ ഇതുമായി ബന്ധപ്പെട്ട് റോഡുകളില്‍ അനുഭവപ്പെട്ടേക്കാവുന്ന തിരക്ക് ഉള്‍പ്പെടെയുള്ളവ പരിഹരിക്കാന്‍ ഷാര്‍ജ പോലീസ് ശ്രമം തുടങ്ങി. സുഗമവും സുരക്ഷിതവുമായ ഗതാഗതം ഉറപ്പാക്കാനുള്ള ഒരുക്കങ്ങളാണ് പോലീസ് ആരംഭിച്ചിരിക്കുന്നത്.
അതിരാവിലെയും ഉച്ചക്ക് ശേഷവും വിദ്യാലയങ്ങള്‍ ആരംഭിക്കുന്നതിന്റെയും അവസാനിക്കുന്നതിന്റെയും ഭാഗമായി റോഡിലുണ്ടാവുന്ന കനത്ത തിരക്കിന് പരിഹാരം കാണാന്‍ ലക്ഷ്യമിട്ടാണ് ഒരുക്കങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ പോലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂം ഡയറക്ടര്‍ കേണല്‍ അബ്ദുല്ല മുബാറക് ബിന്‍ അമര്‍ ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിച്ചിരുന്നു.
വിവിധ വിഭാഗങ്ങളില്‍ നിന്നു തിരക്കിനെ നിയന്ത്രിക്കുന്നതിന് അഭിപ്രായങ്ങള്‍ അറിയാന്‍ ലക്ഷ്യമിട്ടായിരുന്നു നടപടി. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മില്‍ ഗതാഗതം സുഖമമാക്കാന്‍ ലക്ഷ്യമാക്കി നടപടി സ്വീകരിക്കാനും യോഗത്തില്‍ ധാരണയായിരുന്നു. നഗരത്തിന്റെ ഏതെല്ലാം മേഖലയിലാണ് ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ സ്വീകരിക്കേണ്ട നടപടിയും പോലീസ് തീരുമാനിക്കും. റോഡുകളിലെ ദിശാ മാറ്റം, പെട്ടെന്ന് നടുറോഡില്‍ വാഹനം നിന്നുപോകുക, അപകടം സംഭവിക്കുക തുടങ്ങിയ കാര്യങ്ങളാണ് വിദ്യാലയങ്ങളിലേക്കും തിരിച്ചും കുട്ടികള്‍ പ്രവഹിക്കുന്ന സമയത്ത് ഗതാഗത പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്നതെന്ന് നിരീക്ഷണത്തില്‍ നിന്നു ബോധ്യപെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അപകടം സംഭവിച്ചാല്‍ അതേ സ്ഥലത്ത് വാഹനംനിര്‍ത്തി പോലീസിന്റെ വരവിനായി കാത്തിരിക്കുന്നത് ശരിയായ നടപടിയല്ല. ഗതാഗത പ്രശ്‌നം രൂക്ഷമാക്കുന്ന ഘടകമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍. ഗതാഗത തടസത്തിന് കാരണമാവുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് തിരക്കുള്ള സയമത്ത് ഒഴിവാക്കാന്‍ കേണല്‍ ബിന്‍ അമര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളോട് അഭ്യര്‍ഥിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പുതിയ അധ്യയന വര്‍ഷത്തിന്റെ ആദ്യ മാസത്തിന്റെ അവസാനത്തിലേക്ക് മാറ്റുന്നത് റോഡില്‍ സംഭവിക്കുന്ന ഗതാഗതക്കുരുക്ക് കുറക്കാന്‍ സഹായിക്കും.
കുട്ടികളുടെ സുരക്ഷിതത്വമാണ് പോലീസിന്റെ പ്രഥമ പരിഗണനയെന്ന് ഷാര്‍ജ ട്രാഫിക് പോലീസ് ഡയറക്ടര്‍ കേണല്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ശവാഫ് വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ട്. ഇതിനായി ഏറ്റവും മികച്ച സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാലയങ്ങളുടെ സമീപത്തുള്ള റോഡുകൡ കൂടുതല്‍ പോലീസ് പട്രോള്‍സിനെ വിന്യസിക്കും. സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരുടെ യോഗം പോലീസ് വിളിച്ചു ചേര്‍ത്തിരുന്നു. സുരക്ഷ ഉറപ്പാക്കാനുള്ള ബോധവത്ക്കരണവും ഡ്രൈവര്‍മാര്‍ക്കിടയില്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.