Connect with us

Palakkad

കര്‍ഷകര്‍ക്ക് പ്രതീക്ഷയേകി മീങ്കര ഡാം നിറഞ്ഞു

Published

|

Last Updated

കൊല്ലങ്കോട്: മീങ്കര ഡാം പൂര്‍ണ സംഭരണ ശേഷിയിലെത്തി. ലിങ്ക് കനാല്‍ വഴി ചുള്ളിയാറിലേക്ക് വെള്ളം ഇറങ്ങി തുടങ്ങി.
39 അടി സംഭണ ശേഷിയുള്ള മീങ്കര ഡാമിലെ ഇന്നലത്തെ ജലനിരപ്പ് 37.5 അടിയാണ്. കഴിഞ്ഞ വര്‍ഷം ഇതു 37.7 അടിയായിരുന്നു. പൂര്‍ണ സംഭരണ ശേഷിയിലേക്ക് ഇനി ഒന്നര അടി വെള്ളം മാത്രമാണു വേണ്ടത്. ഈ സാഹചര്യത്തില്‍ രണ്ടു ദിവസമായി മീങ്കര-ചുള്ളിയാര്‍ ലിങ്ക് കനാലിലൂടെ ഒന്നര അടിയോളം ചുള്ളിയാറിലേക്ക് ഇറക്കുന്നുണ്ട്.
പലകപ്പാണ്ടി പദ്ധതിയില്‍ ചുള്ളിയാറിലെത്തുന്ന വെള്ളത്തിനു പുറമെയാണു മീങ്കര ഡാമില്‍ നിന്നുള്ള വെള്ളവും ചുള്ളിയാറിലെത്തുന്നത്. രണ്ടു ദിവസമായി മഴ അകന്നു നില്‍ക്കുന്നതിനാല്‍ പലകപ്പാണ്ടിയില്‍ നിന്നുള്ള നീരൊഴുക്കില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. മൂലത്തറയില്‍ നിന്നും അധിക വെള്ളം എത്തിയതോടെയാണു മീങ്കരയിലെ ജലനിരപ്പ് 37.5 അടിയായത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 37.7 അടിയായിരുന്നു. മീങ്കരയില്‍ ജലനിരപ്പു 33 അടി പിന്നിടുമ്പോഴാണു മീങ്കരയില്‍ നിന്നും ചുള്ളിയാറിലേക്കു വെള്ളം തുറന്നു വിടുന്നത്.
മീങ്കരയില്‍ നിന്നും വെള്ളം ലഭ്യമായതോടെ ചുള്ളിയാറിലെ ജലനിരപ്പു 46 അടിയെത്തി. കഴിഞ്ഞ വര്‍ഷം 56 അടിയായിരുന്നു ഇന്നലത്തെ ജലനിരപ്പ് എന്നത് ഈ വര്‍ഷത്തെ മഴക്കുറവിനെ സൂചിപ്പിക്കുന്നു. 57. 5 അടിയാണു ചുള്ളിയാര്‍ ഡാമിന്റെ പൂര്‍ണ സംഭരണ ശേഷി. ചുള്ളിയാര്‍, മീങ്കര ഡാമുകളെ ആശ്രയിച്ചാണു മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, വടവന്നൂര്‍, പുതുനഗരം, കൊടുവായൂര്‍ പഞ്ചായത്തുകളിലെ കാര്‍ഷിക
മേഖല നില നില്‍ക്കുന്നത്. പതിനായിരത്തിലധികം ഹെക്ടര്‍ സ്ഥലത്തെ നെല്‍കൃഷിയ്ക്ക് ആശ്രയിക്കുന്ന ഇരു ഡാമുകളുടെയും ജലനിരപ്പു പൂര്‍ണ സംഭരണ ശേഷിയിലെത്തുന്നതോടെ ഈ വര്‍ഷം രണ്ടു സീസണിലും പൂര്‍ണമായും വിളവെടുക്കാന്‍ കഴിയും. മുന്‍ വര്‍ഷങ്ങളില്‍ ഡാമില്‍ വെള്ളമില്ലാത്തതു കാരണം കടുത്ത വരള്‍ച്ചയില്‍ വലിയ വിളനാശം നേരിട്ടിരുന്നു.
ഇതിലധികവും ചെറുകിട നാമ മാത്രകര്‍ഷകരാണെന്നതു കാര്‍ഷിക മേഖലയുടെ പ്രതിസന്ധിയുടെ ആക്കം കൂട്ടി. സാഹചര്യങ്ങള്‍ അനുകൂലമായതോടെ ഈ വര്‍ഷം മികച്ച വിളവുണ്ടാക്കാമെന്നു കര്‍ഷകര്‍ക്കു പ്രതീക്ഷയുണ്ട്.—

---- facebook comment plugin here -----

Latest