രാധാവധം; എ ഡി ജി പി. ബി സന്ധ്യ സാക്ഷികളുടെ മൊഴിയെടുത്തു

Posted on: August 21, 2014 10:00 am | Last updated: August 21, 2014 at 10:00 am

nilambur murder radha convict biju & shamsudhinമലപ്പുറം: നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരി ചിറക്കല്‍ രാധ കൊല്ലപ്പെട്ട കേസിന്റെ വിചാരണ 25ന് ആരംഭിക്കാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥ എ ഡി ജി പി. ബി സന്ധ്യ നിലമ്പൂരിലെത്തി സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. വനം വകുപ്പിന്റെ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവില്‍ വെച്ചായിരുന്നു മൊഴിയെടുക്കല്‍.
സാക്ഷികളുടെ മൊഴി ബലപ്പെടുത്തുന്നതിനാണ് എ ഡി ജി പി. മൊഴിരേഖപ്പെടുത്തിയത്. അനേ്വഷണ സംഘം ആവശ്യപ്പെട്ടതനുസരിച്ച് സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി ജി മാത്യൂവും ഇന്നലെ എ ഡി ജി പിക്കൊപ്പമുണ്ടായിരുന്നു. പ്രേത്യക അനേ്വഷണ സംഘത്തിലെ ഡി വൈ എസ് പി. ശശിധരന്‍, മോഹനചന്ദ്രന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ ഫെബ്രുവരി അഞ്ചാം തീയതിയാണ് രാവിലെ കോണ്‍ഗ്രസ് ഓഫീസിലേക്ക് ജോലിക്ക് വന്ന രാധയെ കാണാതാകുന്നത്. ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നുള്ള അനേ്വഷണം നടക്കുന്നതിനിടയില്‍ ഫെബ്രുവരി 9ന് ചുള്ളിയോട്ടുള്ള ഒരു കുളത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സനല്‍ സ്റ്റാഫിലുണ്ടായിരുന്ന ബിജു നായര്‍, ചുള്ളിയോട് ഉണ്ണിക്കുളം സ്വദേശി ശംസുദ്ധീന്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ബിജുവിന്റെ മൊബൈല്‍ കോളുകള്‍ പരിശോധിച്ചതില്‍ നിന്ന് കൊലയില്‍ ബിജുവിന് പങ്കുള്ളതായി ആദ്യ അനേ്വഷണ സംഘം കണ്ടെത്തിയത്. എട്ട് വര്‍ഷമായി കോണ്‍ഗ്രസ് ഓഫീസില്‍ ജോലിയിലുള്ള രാധയുമായി ശാരീരിക, മാനസിക ബന്ധം പുലര്‍ത്തിയ ബിജു മറ്റു സ്ത്രീകളുമായി അടുപ്പത്തിലായി. കോണ്‍ഗ്രസ് ഓഫീസില്‍ വെച്ചും മറ്റു സ്ഥലങ്ങളില്‍ വെച്ചും ബിജു ഇവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് രാധ അറിഞ്ഞു. മറ്റു സ്ത്രീകളുമായുള്ള ബന്ധം കോണ്‍ഗ്രസ് നേതാക്കളെ അറിയിക്കുമെന്ന് രാധ ഭീഷണിപ്പെടുത്തിയതായി അനേ്വഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബിജു രാധയെ ഇല്ലാതാക്കാന്‍ തീരുമാനിക്കുകയും അഞ്ചാം തിയ്യതി കോണ്‍ഗ്രസ് ഓഫീസിലെത്തിയ രാധയെ ബിജുവും ശംസുദ്ധീനും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ചാക്കില്‍ കെട്ടി 17 കിലോമീറ്റര്‍ ദൂരെയുള്ള ഉണ്ണിക്കുളത്തുള്ള ഒരു കുളത്തില്‍ തള്ളി. നിലമ്പൂര്‍ സി ഐ. എ പി ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു അനേ്വഷണം നടത്തിയത്.
അനേ്വഷണത്തിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്നതോടെ തൃശൂര്‍ റെയ്ഞ്ച് ഐ ജി. എസ് ഗോപിനാഥിനെയും ദുരൂഹത വര്‍ദ്ധിച്ചതോടെ എ ഡി ജി പി. ബി സന്ധ്യയുടെ നേതൃത്വത്തില്‍ പുതിയ സംഘത്തെ സര്‍ക്കാര്‍ നിയമിക്കുകയായിരുന്നു. സംഘം കഴിഞ്ഞമാസം 26ന് കുറ്റപത്രം സമര്‍പ്പിച്ചു.