വിടപറഞ്ഞത് കൈരളിയുടെ ബൂസ്വൂരി

Posted on: August 21, 2014 7:37 am | Last updated: August 21, 2014 at 8:21 am

Bappu Usthad

കോഴിക്കോട്: പ്രകീര്‍ത്തന കവിതകളിലൂടെ പ്രവാചക പ്രേമികളുടെ മനംകുളിര്‍പ്പിച്ച പണ്ഡിത ശ്രേഷ്ഠനായിരുന്നു വിടപറഞ്ഞ തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍. അറബി കാവ്യലോകത്തിന്റെ ഗഹനതയും സമ്പുഷ്ഠതയും പ്രാസഭംഗിയും സ്വരഘടനയിലെ സംഗീതാത്മകതയും സമ്മേളിച്ച എഴുത്തുകാരനായിരുന്നു അദ്ദേഹം. കൈരളിയുടെ ബൂസ്വുരിയായാണ് ബാപ്പു മുസ്‌ലിയാര്‍ അറിയപ്പെട്ടിരുന്നത്.

സ്തുതി ഗീതങ്ങളും അനുശോചന കാവ്യങ്ങളുമാണ് ബാപ്പു മുസ്‌ലിയാരുടെ കവിതകളില്‍ കൂടുതലും. ഹസ്‌റത്ത് ഹംസ (റ), ഖുത്ബുസ്സമാന്‍ സയ്യിദ് അലവി തങ്ങള്‍ മമ്പുറം, പറവണ്ണ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, തന്റെ ഗുരു ആദം ഹസ്‌റത്ത്, ഉത്തമപാളയം അബൂബക്കര്‍ ഹസ്‌റത്ത്, ആലുവായ് അബൂബക്കര്‍ മുസ്‌ലിയാര്‍, കുണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ മകന്‍ കുഞ്ഞുമോന്‍ തുടങ്ങി നിരവധി പേരെക്കുറിച്ച് അദ്ദേഹം കവിതകള്‍ രചിച്ചിട്ടുണ്ട്.

ചേറൂര്‍ ശുഹദാക്കളുടെ പേരില്‍ രചിച്ച മൗലിദ്, അസ്ഹാബുല്‍ ബദ്‌റിനെ തവസ്സുല്‍ (ഇടതേടല്‍) ചെയ്തുകൊണ്ടുള്ള ‘അസ്ബാബുന്നസ്ര്‍’, ഇമാം അബൂഹനീഫയൂടെ പ്രവാചക കീര്‍ത്തന-തവസ്സുല്‍ കാവ്യമായ ‘ഖസീദത്തുന്നുഅ്മാനിയ്യ’ക്ക് തഖ്മീസായി രചിച്ച ‘അസീദത്തുര്‍റഹ്മാനിയ്യ’, ശൈഖ് അബ്ദുല്ലാഹില്‍ ഹദ്ദാദ് മദീനാ മുനവ്വറക്കകത്ത് എഴുതിവെച്ച ‘അല്‍ഫാതിഹത്തുല്‍ മുവത്വഫിയ്യ’യുടെ മുഖമ്മസ്, അജ്ഞാതനായ പ്രവാചകസ്‌നേഹി മദീനാ മുനവ്വറക്ക് പുറത്ത് ആലേഖനം ചെയ്ത നബി കീര്‍ത്തന കാവ്യത്തിന്റെ മുഖമ്മസ് തുടങ്ങി വേറെയും നിരവധി രചനകള്‍ അദ്ദേഹത്തിനുണ്ട്.

യമനീ കവികളും അന്യഭാഷക്കാരായ മറ്റു ചില കവികളും പരീക്ഷിച്ച തഖ്മീസ് കേരളത്തില്‍ ഏറ്റവും വിജയകരമായി പരീക്ഷിച്ച വ്യക്തിയാണ് ബാപ്പു മുസ്‌ലിയാര്‍. മാതൃ കവിതയിലെ വരികളേത്, ബാപ്പു മുസ്‌ലിയാരുടെ വരികളേത് എന്ന് തിരിച്ചറിയാനാകാത്ത വിധം പ്രാസവും ഘടനയും ഒത്തിണങ്ങിയതാണ് അദ്ദേഹത്തിന്റെ ഈ ഗണത്തിലുള്ള രചനകള്‍.

ചരിത്രപ്രസിദ്ധമായ സമസ്ത അറുപതാം വാര്‍ഷിക സമ്മേളനത്തില്‍ കോഴിക്കോട് കടപ്പുറത്ത് തടിച്ചു കൂടിയ ജനലക്ഷങ്ങളെ കോരിത്തരിപ്പിച്ച ‘വാഹന്‍ ലക മിന്‍ ഇസ്സിന്‍….’ എന്ന സ്വാഗത ഗാനത്തിന്റെ മധുരമൂറുന്ന വരികള്‍ സുന്നി കൈരളി ഇന്നും മറന്നിട്ടില്ല. വിദേശ പ്രതിനിധികളടക്കം പലരും പ്രശംസിച്ച ഈ ഗാനം ബാപ്പു മുസ്‌ലിയാരുടെ പേനത്തുമ്പിലൂടെയാണ് വിരചിതമായത്.