Connect with us

National

എ രാജക്കും കനിമൊഴിക്കും കോടതി ജാമ്യം അനുവദിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ടു ജി സ്‌പെക്ട്രം കുംഭകോണവുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ മുന്‍ കേന്ദ്ര ടെലികോം മന്ത്രി എ രാജക്കും ഡി എം കെ നേതാവ് കരുണാനിധിയുടെ മകള്‍ കനിമൊഴിക്കും ഡല്‍ഹിയിലെ പ്രത്യേക സി ബി ഐ കോടതി ജാമ്യം അനുവദിച്ചു. ഇവര്‍ക്ക് പുറമെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന മറ്റു ഏഴ് പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ഡി എം കെ നേതാവ് കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിന് കോടതി രാവിലെ തന്നെ ജാമ്യം അനുവദിച്ചിരുന്നു. ആരോഗ്യപരമായ കാരണത്താല്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന ദയാലു അമ്മാളിന്റെ അഭ്യര്‍ഥന കോടതി തള്ളിക്കളയുകയും ചെയ്തിരുന്നു.
ടു ജി സ്‌പെക്ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 200 കോടി രൂപ ഡി എം കെയുടെ നിയന്ത്രണത്തിലുള്ള കലൈഞ്ജര്‍ ടി വിക്ക് ലഭിച്ചെന്നാണ് കേസ്. സി ബി ഐ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന ദയാലു അമ്മാളിന് 60 ശതമാനവും കനിമൊഴിക്ക് 20 ശതമാനവും ഓഹരി പങ്കാളിത്തമാണ് കലൈഞ്ജര്‍ ടി വിയിലുള്ളത്. ഡി ബി ഗ്രൂപ്പിന് ടു ജി ലൈസന്‍സ് അനുവദിച്ചതിന് പ്രത്യുപകാരമായാണ് കലൈഞ്ജര്‍ ടി വിക്ക് പണം നല്‍കിയതെന്നാണ് കേസ്. ടു ജി കേസില്‍ മൊത്തം 19 പേരെയാണ് സി ബി ഐ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Latest