Connect with us

Gulf

ലോകത്തെ സ്വാധീനിക്കുന്ന നഗരങ്ങളുടെ ഫോബ്‌സ് പട്ടികയില്‍ ദുബൈയും

Published

|

Last Updated

ദുബൈ: ലോകത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന പ്രമുഖ നഗരങ്ങളുടെ പട്ടികയില്‍ ദുബൈയും ഇടംപിടിച്ചു. ബിസിനസ് മാസികയായ ഫോബ്‌സ് തയ്യാറാക്കിയ നഗരങ്ങളുടെ പട്ടികയിലാണ് ആദ്യ 10ല്‍ ദുബൈ ഇടം കണ്ടെത്തിയിരിക്കുന്നത്. ലോക നഗരങ്ങളുമായി ഏറ്റവും കൂടുതല്‍ വിമാന ബന്ധമുള്ള നഗരം കൂടിയാണ് ദുബൈ എന്ന് ഫോബ്‌സ് അഭിപ്രായപ്പെട്ടു.

നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിക്കുന്ന ലോകത്തിലെ ഏഴാമത്തെ നഗരമാണ് ദുബൈ. ലോകത്തെ സ്വാധീനിക്കുന്ന ഒന്നാമത്തെ നഗരം ന്യൂയോര്‍ക്കും രണ്ടാം സ്ഥാനത്ത് പാരീസുമാണ്. മൂന്നാം സ്ഥാനത്ത് ഏഷ്യന്‍ നഗരമായ സിംഗപ്പൂരാണുള്ളത്.
ഈ പട്ടികയില്‍ ബെയ്ജിംഗ്, ലോസ് ആഞ്ചല്‍സ്, സിഡ്‌നി, സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയ, ടൊറൊണ്ടോ എന്നീ നഗരങ്ങള്‍ക്ക് മുകളിലാണ് ദുബൈ സ്ഥാനം പിടിച്ചിരിക്കുന്നതെന്നത് ഏറെ ശ്രദ്ധേയമാണ്. ഫോബ്‌സിന് വേണ്ടി പ്രശസ്ത നഗര ഭൗമ ശാസ്ത്രജ്ഞനായ അലി മൊഡാറെസ്, ജനസംഖ്യാ പഠന വിദഗ്ധനായ വെന്‍ണ്ടെല്‍ കോക്‌സ്, അരോണ്‍ റെന്‍, ജോയല്‍ കോട്ട്കിന്‍ എന്നിവരാണ് 58 രാജ്യങ്ങളെ ഉള്‍പ്പെടുത്തി പട്ടിക തയ്യാറാക്കിയിരിക്കുന്നത്. നഗരങ്ങളുടെ വിദേശ നിക്ഷേപം, എത്തിച്ചേരാനുള്ള സൗകര്യം, മറ്റു ലോക പ്രശസ്ത നഗരങ്ങളിലേക്കു യാത്ര ചെയ്യാനുള്ള സൗകര്യം, ലഭിക്കുന്ന സാമ്പത്തിക സേവനങ്ങളുടെ മികവ്, മാധ്യമങ്ങളുടെ സ്വാധീനം, വര്‍ണവര്‍ഗ വൈവിധ്യം തുടങ്ങിയ ഘടകങ്ങളെ ആസ്പദമാക്കിയാണ് നഗരങ്ങളെ തിരഞ്ഞെടുത്തത്. വായു മാര്‍ഗം മറ്റു നഗരങ്ങളുമായി ബന്ധപ്പെടാന്‍ ഏറ്റവും കൂടുതല്‍ സൗകര്യമുള്ള നഗരമെന്ന ഖ്യാതിയും ഫോബ്‌സ് ദുബൈക്ക് നല്‍കിയിട്ടുണ്ട്.
ആഴ്ചയില്‍ ചുരുങ്ങിയത് മൂന്നു വിമാന സര്‍വീസെങ്കിലും ദുബൈയില്‍ നിന്നു ലോകത്തിലെ 93 ശതമാനം നഗരങ്ങളിലേക്കും ഉണ്ടെന്നും റിപോര്‍ട്ട് എടുത്തു പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായ ദുബൈ വേള്‍ഡ് സെന്‍ട്രലിന്റെ സാന്നിധ്യവും പട്ടികയില്‍ മികച്ച സ്ഥാനം ലഭിക്കാന്‍ ദുബൈക്ക് സഹായകമായിട്ടുണ്ട്.
മധ്യപൗരസ്ത്യ ദേശത്തെ ഒട്ടു മിക്ക നഗരങ്ങളിലും കലാപവും മറ്റ് സംഘര്‍ഷങ്ങളും നിലനില്‍ക്കുമ്പോള്‍ ദുബൈയില്‍ അവയില്‍ നിന്നെല്ലാം ബഹുദൂരത്താണെന്നും ഫോബ്‌സ് റിപോര്‍ട്ട് എടുത്തു കാട്ടുന്നു. ബിസിനസ് സൗഹൃദ നിലപാടും ലോകത്തിലെ മുഖ്യ കമ്പോളങ്ങളുമായുള്ള അടുപ്പവുമെല്ലാം മധ്യപൗരസ്ത്യ ദേശത്ത് ബിസിനസിന് ഏറ്റവും പറ്റിയ നഗരം ദുബൈ ആണെന്ന് തെളിയിച്ചിരിക്കുന്നു. നഗരവാസികളില്‍ 86 ശതമാനവും വിദേശത്ത് ജനിച്ചവരാണെന്ന പ്രത്യേകതയും ഫോബ്‌സ് റിപോര്‍ട്ട് വെളിപ്പെടുത്തുന്നു.

Latest