പ്ലസ് ടു: വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് മുഖ്യമന്ത്രി

Posted on: August 20, 2014 2:07 pm | Last updated: August 21, 2014 at 7:10 am

oommen chandy press meet

തിരുവനന്തപുരം: പ്ലസ്ടു അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്ത ഹൈക്കോടതി നടപടിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ പോകുമെന്ന് മുഖ്യമന്ത്രി. ഓരോ സ്‌കൂളിന്റേയും ആവശ്യകത കോടതിയെ ബോധ്യപ്പെടുത്തും. സര്‍ക്കാര്‍ നിയമപരമായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. കോടതി വിധി ബാധകമല്ലാത്ത സ്‌കൂളുകളുടെ പട്ടിക പ്രസിദ്ധീകരിച്ച് പ്രവേശനം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്ലസ് ടു കേസിലെ വിധി സര്‍ക്കാറിന് തിരിച്ചടിയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ല. കോടതിയുടേത് ഇടക്കാല ഉത്തരവ് മാത്രമാണ്. മന്ത്രിസഭാ ഉപസമിതിക്ക് കോടതി നോട്ടീസ് അയച്ചത് ശരിയായില്ല. ഡയറക്ടറുടെ ശിപാര്‍ശയില്‍ മാറ്റം വരുത്തിയത് സ്‌കൂളുകളുടെ ആവശ്യകത പരിഗണിച്ചാണ്. ഹയര്‍ സെക്കന്ററി ഡയറക്ടറുടെ ശിപാര്‍ശ മാത്രം പരിഗണിക്കാനാണെങ്കില്‍ സര്‍ക്കാര്‍ എന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു.
ബാറുകളുടെ നിലവാരം പരിശോധിച്ച് റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും. ഇതിന് തടസ്സമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് യഥാസമയം കോടതിയെ അറിയിക്കും. നാളെ പ്രത്യക മന്ത്രിസഭാ യോഗം ചേരും. കെഎസ്ആര്‍ടിസിയും കെഎസ്ഇബിയും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.