Connect with us

Malappuram

മൊബൈല്‍ ഷോപ്പിലെ കവര്‍ച്ച; മുഖ്യപ്രതി അറസ്റ്റില്‍

Published

|

Last Updated

മലപ്പുറം: കോട്ടപ്പടിയിലെ സ്‌പെന്‍സര്‍ മൊബൈല്‍ ഷോപ്പ് കുത്തിത്തുറന്ന് മുന്നൂറോളം മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. ബംഗാള്‍ സ്വദേശിയായ അസദുല്‍ ശൈയ്ഖാ(20)ണ് അറസ്റ്റിലായത്.
വയനാട് വെച്ചാണ് ഇയാളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ പിടിയിലായവരുടെ എണ്ണം ആറായി. എല്ലാവരും ബംഗാള്‍ സ്വദേശികളാണ്. സാക്കിര്‍ ശെയ്ഖ് (27) എന്നയാളെ കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്ന് പോലീസ് പറഞ്ഞു. കേരളത്തില്‍ കെട്ടിട നിര്‍മാണ ജോലിക്കായി എത്തിയ പ്രതികള്‍ ആസൂത്രിതതമായാണ് മോഷണം നടത്തിയത്. കവര്‍ച്ച നടത്തുന്നതിന് മുമ്പായി മലപ്പുറം കോട്ടപ്പടിയിലെത്തി കടക്ക് സെക്യൂരിറ്റി ജീവനക്കാരില്ലെന്ന് ഉറപ്പാക്കിയ ശേഷം കഴിഞ്ഞ അഞ്ചാം തീയതി മൊബൈല്‍ ഷോപ്പിന്റെ ഷട്ടര്‍ കമ്പിപ്പാര ഉപയോഗിച്ച് തകര്‍ത്ത് അകത്ത് കടക്കുകയായിരുന്നു. സമീപത്തെ കടയില്‍ നിന്ന് തന്നെയാണ് ഇതിനായുള്ള കമ്പിപ്പാര പ്രതികള്‍ വാങ്ങിയത്.
പ്രതികളെ കടയിലെത്തിച്ച് ഇന്നലെ തെളിവെടുപ്പ് നടത്തി. 45000 രൂപ വരെ വിലയുള്ള എച്ച് ഡി സി ഫോണുകള്‍ ഉള്‍പ്പെടെ മൂന്നൂറോളം ഫോണുകളാണ് ഇവര്‍ കവര്‍ന്നത്. മോഷ്ടിച്ച ഫോണുകള്‍ ഇവര്‍ ബംഗാളിലെ മൊബൈല്‍ ഷോപ്പ് ഉടമയായ ജഹാംഗീര്‍ എന്നയാള്‍ക്ക് വില്‍ക്കുകയായിരുന്നു.
മോഷ്ടിച്ച ഫോണുകള്‍ തുച്ഛമായ തുകക്ക് വാങ്ങി വില്‍പന നടത്തുന്നയാളാണ് ജഹാംഗീര്‍. ഇത്രയും ഫോണുകള്‍ രണ്ട് ലക്ഷം രൂപക്കാണ് പ്രതികള്‍ ജഹാംഗീറിന് വിറ്റത്. ഇവയില്‍ ഇരുനൂറോളം ഫോണുകള്‍ ബംഗാളിലെ കടയില്‍ നിന്നും ജഹാംഗീറിന്റെ വീട്ടില്‍ നിന്നുമായി പോലീസ് പിടിച്ചെടുത്തു. ജഹാംഗീര്‍ ഒളിവിലായതിനാല്‍ ഇയാളെ പിടികൂടാനും ബാക്കിയുള്ള ഫോണുകള്‍ കണ്ടെടുക്കുന്നതിനുമായി പോലീസ് സംഘം വീണ്ടും അടുത്ത ദിവസം ബംഗാളിലേക്ക് തിരിക്കും.
ഫോണുകള്‍ കോടതിക്ക് കൈമാറും. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചത്. ആദ്യം അറസ്റ്റിലായ പ്രതികളുമായി അന്വേഷണ സംഘം പശ്ചിമ ബംഗാളില്‍ പോവുകയും അവിടെ വെച്ച് മൊബൈല്‍ ഷോപ്പില്‍ നിന്നും പ്രതികളുടെ വീട്ടില്‍ നിന്നുമായി എഴുപതോളം ഫോണുകള്‍ കണ്ടെടുക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതി അസദുല്‍ ശെയ്ഖ് വയനാട്ടിലുണ്ടെന്ന വിവരം ലഭിക്കുകയും ഇവിടെ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റില്‍ ഹാജരാക്കി. കൂടുതല്‍ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ബംഗാളിലെ കുസുംഗ്രാം കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള വന്‍ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
കേരളത്തില്‍ ഇക്കാലയളവിനിടയില്‍ നടന്ന എട്ട് മൊബൈല്‍ ഷോപ്പുകള്‍ കവര്‍ച്ച നടന്നതായും ഇതുമായി പ്രതികള്‍ക്ക് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മലപ്പുറം സി ഐ. ആര്‍ അശോകന്‍, എസ് ഐ മനോജ് പറയറ്റ, എ എസ് ഐ ഉമ്മര്‍മേമന, എസ് സി പി ഒ സാബുലാല്‍, സത്യനാഥന്‍, സി പി ഒ അജികുമാര്‍, അബ്ദുല്ല ബാബു, കെ എച്ച് ജി വിജയ പ്രസാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.