Connect with us

International

വിമതരുടെ ചെറുത്തുനില്‍പ്പ് ശക്തം; തിക്‌രീതില്‍ നിന്ന് സൈന്യം പിന്‍വാങ്ങി

Published

|

Last Updated

ബഗ്ദാദ്: ഇറാഖില്‍ സദ്ദാം ഹുസൈന്റെ ജന്‍മനാടായ തിക്‌രീത് ഇസില്‍ വിമതരില്‍ നിന്ന് തിരിച്ചുപിടിക്കാനുള്ള ശ്രമം സൈന്യം താത്കാലികമായി അവസാനിപ്പിച്ചു. വിമതരില്‍ നിന്ന് ശക്തമായ ചെറുത്തുനില്‍പ്പ് നേരിട്ടതിനെ തുടര്‍ന്നാണ് ഇത്. എവിടെ നിന്നും അമേരിക്കക്കാരെ ആക്രമിക്കുമെന്ന് വിമതര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. അതേസമയം, വടക്കന്‍ ഇറാഖില്‍ ഭവനരഹിതരായ അഞ്ച് ലക്ഷം ജനങ്ങള്‍ക്ക് അവശ്യവസ്തുക്കള്‍ എത്തിക്കാനുള്ള പ്രധാന സഹായ ദൗത്യ പ്രഖ്യാപനം ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ഥി ഏജന്‍സി നടത്തി.
രണ്ട് മാസമായി കൈയടക്കിവെച്ചിരുന്ന മൂസ്വിലിലെ അണക്കെട്ട് അമേരിക്കന്‍ വ്യോമാക്രമണത്തിന്റെ സഹായത്തോടെ വിമതരില്‍ നിന്ന് തിരിച്ചുപിടിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് തിക്‌രീത് നടപടിക്ക് ഇറാഖ് സൈന്യം മുതിര്‍ന്നത്. പുലര്‍ച്ചെ തന്നെ സൈന്യം തിക്‌രീതില്‍ ആക്രമണം നടത്തി. എന്നാല്‍, ഉച്ചക്ക് ശേഷം സൈനിക മുന്നേറ്റം അവസാനിച്ചു. തെക്കന്‍ തിക്‌രീതില്‍ മെഷീന്‍ ഗണും മോര്‍ട്ടാറും ഉപയോഗിച്ച് ശക്തമായ ആക്രമണമാണ് വിമതര്‍ നടത്തിയത്. കുഴിബോംബും ഒളിപ്പോരാളികളെയും ഉപയോഗിച്ച് പടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് ആക്രമണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. നഗര മധ്യത്തില്‍ വിമതര്‍ വന്‍തോതില്‍ റോന്ത് ചുറ്റുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
അമേരിക്ക വ്യോമാക്രമണം നടത്തുകയാണെങ്കില്‍ അമേരിക്കക്കാരെ ചോരയില്‍ മുക്കുമെന്ന വിമതരുടെ സന്ദേശം ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. ഇറാഖ് അധിനിവേശ കാലത്ത് അമേരിക്കക്കാരന്റെ തല വെട്ടിയ ചിത്രവും പ്രചരിക്കുന്നുണ്ട്.

Latest