അന്താരാഷ്ട്ര സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സ് 22ന്

Posted on: August 20, 2014 5:10 am | Last updated: August 20, 2014 at 7:15 am

കൊച്ചി: കേരള പോലീസ് സംഘടിപ്പിക്കുന്ന ഏഴാമത് അന്താരാഷ്ട്ര സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സ് കൊക്കോണ്‍(സി ഒ സി ഒ എന്‍ ) 2014 ഈ മാസം 22, 23 തീയതികളില്‍ കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടക്കും. ഇന്ത്യക്കകത്തും 20 വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള 375 ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സ് 22ന് രാവിലെ 9.30ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 22ന് ഉച്ചക്ക് 12ന് മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാം സമ്മേളനത്തെ അഭിസംബോധന ചെയ്യും. 22ന് വൈകീട്ട് സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യാതിഥിയാകും.
75 ഓളം വിദേശ പ്രതിനിധികളും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഇന്റലിജന്‍സ് ബ്യൂറോ, എന്‍ ഐ എ, സി ബി ഐ, റോ, എന്‍ സി ആര്‍ ബി, ബി പി ആര്‍ ഡി തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 200 ഓളം വിദഗ്ധരും സമ്മേളനത്തില്‍ പങ്കെടുക്കും. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട പുതിയ വെല്ലുവിളികള്‍ നേരിടുന്നതിനുള്ള തന്ത്രങ്ങള്‍ സംബന്ധിച്ച് ഐ ടി വിദഗ്ധരും പോലീസ് പ്രതിനിധികളും തമ്മില്‍ ആശയവിനിമയം നടക്കും.
ഈ വര്‍ഷത്തെ സമ്മേളനം പ്രധാനമായും സ്ത്രീസുരക്ഷക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്ന് എ ഡി ജി പി കെ പത്മകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സൈബര്‍ സ്‌പേസില്‍ സ്ത്രീകളുടെ സുരക്ഷ എന്ന വിഷയത്തില്‍ പ്രത്യേക ചര്‍ച്ചാ സമ്മേളനം നടക്കും. സെക്യൂരിറ്റി ത്രെട്ട്, ഡാറ്റാ തെഫ്റ്റ്, പൈറസി, ഹാക്കിംഗ്, ഐഡന്റിറ്റി ത്രെട്ട് എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുക്കും. രണ്ട് സമാന്തര വേദികളിലാണ് ചര്‍ച്ചകളും സെമിനാറുകളും നടക്കുക. ഒരു വേദിയില്‍ ലോ എന്‍ഫോഴ്‌സ്‌മെന്റ്, സൈബര്‍ ഗവര്‍ണന്‍സ്, ഡിജിറ്റല്‍ ഫോറന്‍സിക് ഇന്‍വെസ്റ്റിഗേഷന്‍ എന്നീ വിഷയങ്ങളും മറ്റൊന്നില്‍ ടെക്‌നിക്കല്‍, റിസര്‍ച്ച്, സൈബര്‍ സെക്യൂരിറ്റി മാനേജ്‌മെന്റ്, നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ വിഷയങ്ങളും അവതരിപ്പിക്കും. വര്‍ധിച്ചു വരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ ലോക രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും ഭീഷണിയാകുന്ന സാഹചര്യത്തില്‍ സമ്മേളനത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് പത്മകുമാര്‍ പറഞ്ഞു. എ ഡി ജി പി പത്മകുമാര്‍ ചെയര്‍മാനും തിരുവനന്തപുരം റേഞ്ച് ഐ ജി മനോജ് എബ്രഹാം കൊച്ചി റേഞ്ച് ഐ ജി അജിത്കുമാര്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരുമായുള്ള കമ്മിറ്റിയാണ് സമ്മേളനത്തിന്റെ നടത്തിപ്പിന് ചുക്കാന്‍ പിടിക്കുന്നത്.