Connect with us

Gulf

തെറ്റായ ചികിത്സ: ഡി എച്ച് എ നിരീക്ഷണം കര്‍ശനമാക്കുന്നു

Published

|

Last Updated

ദുബൈ: തെറ്റായ ചികിത്സ നല്‍കുന്നവരെ കണ്ടെത്താനും നടപടി സ്വീകരിക്കാനും ഡി എച്ച് എ(ദുബൈ ഹെല്‍ത്ത് അതോറിറ്റി) നിരീക്ഷണം ശക്തമാക്കുന്നു. ഇത്തരം തെറ്റുകള്‍ക്ക് പിടിക്കപ്പെടുന്നവരില്‍ നിന്നു പിഴ ഈടാക്കാനാണ് ഡി എച്ച് എ നടപടി സ്വീകരിക്കുക. ഇതിനായി പുതിയ മെഡിക്കല്‍ കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്.
ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനുള്ള 2012ലെ ഡി എച്ച് എയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ 32ാം പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റിക്ക് രൂപം നല്‍കിയിരിക്കുന്നതെന്ന് ഡി എച്ച് എ ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ജാസിം മുഹമ്മദ് അല്‍ അവാദി വ്യക്തമാക്കി. എട്ട് അംഗങ്ങളാണ് കമ്മറ്റിയിലുള്ളത്. ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെയും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രഫഷണലുകളുടെ പ്രവര്‍ത്തനം കമ്മിറ്റി സസൂക്ഷ്മം നിരീക്ഷിക്കും. എല്ലാ ഫ്രീ സോണ്‍ സ്ഥാപനങ്ങളും കമ്മിറ്റിയുടെ പരിധിയില്‍ വരും. ആരോഗ്യ സ്ഥാനങ്ങളിലെ പ്രഫഷണലുകളുടെ പ്രവര്‍ത്തനത്തിനൊപ്പം സ്ഥാപനത്തിന്റെ സൗകര്യങ്ങളും കമ്മിറ്റിയുടെ നിരീക്ഷണത്തിലായിരിക്കുമെന്നും അല്‍ അവാദി പറഞ്ഞു.
ആരോഗ്യ രംഗത്ത് കുറ്റമറ്റ സേവനം ഉറപ്പാക്കാനാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. ഡോ. മാമൂന്‍ അല്‍ മര്‍സൂഖിയാണ് കമ്മിറ്റിയുടെ അധ്യക്ഷ. ദുബൈയില്‍ എല്ലാവര്‍ക്കും മികച്ച ചികിത്സ ലഭ്യമാക്കന്‍ കമ്മിറ്റിയുടെ രൂപീകരണം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡി എച്ച് എയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ എല്ലാ സ്ഥാപനങ്ങളും കര്‍ശനമായി പാലിക്കണം. ഇതിലൂടെ മാത്രമേ കുറ്റമറ്റ രീതിയിലുള്ള ചികിത്സ ലഭ്യമാക്കാന്‍ സാധിക്കൂ. മെഡിക്കല്‍ പ്രൊഫഷണലുകളുടെ ചികിത്സാ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിക്കാനും ആവശ്യമായ ഭേദഗതികള്‍ വരുത്താനുമുള്ള അവകാശം കമ്മിറ്റിക്കായിരിക്കും. കമ്മിറ്റി മാസത്തില്‍ ഒരിക്കലാവും യോഗം ചേരുക. അംഗങ്ങളുടെ കാലാവധി ഒരു വര്‍ഷമായി നിജപ്പെടുത്തിയിട്ടുണ്ടെന്നും ജാസിം മുഹമ്മദ് അല്‍ അവാദി പറഞ്ഞു.