മതേതര പാര്‍ട്ടികള്‍ വര്‍ഗീയ പ്രചാരകരാവരുത്: കാന്തപുരം

Posted on: August 19, 2014 8:34 pm | Last updated: August 21, 2014 at 12:19 am

KANTHAPURAM-NEWകോഴിക്കോട്: കാലങ്ങളോളമായി വര്‍ഗീയ വാദികള്‍ നടത്തിപ്പോന്ന പ്രചാരങ്ങള്‍ മതേതരത്വ പാരമ്പര്യം അവകാശപ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കുന്നത് രാജ്യത്തിന്റെ കെട്ടുറപ്പിനെ ദുര്‍ബലപ്പെടുത്താനേ ഉപകരിക്കുകയുള്ളൂവെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. ഇന്ന് ആരംഭിച്ച ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് കാന്തപുരം ഇങ്ങനെ അഭിപ്രായപ്പെട്ടത്. വര്‍ഗീയതയെ ഫലപ്രദമായി നേരിടാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനു പകരം വിവിധ മത സാമൂഹിക വിഭാഗങ്ങള്‍ക്കിടയില്‍ പരസ്പര ശത്രുത വളര്‍ത്തുന്ന പ്രചാരങ്ങളുടെ ഗുണ ഭോക്താക്കളാകാന്‍ കഴിയുമോ എന്ന അന്വേഷണത്തിലാണ് ഒട്ടു മിക്ക രാഷ്ട്രീയ പ്രസ്ഥാനങ്ങളും എന്നത് ഖേദകരമാണ്. ഇത് രാജ്യത്തെ അധസ്ഥിത പിന്നോക്ക വിഭാഗങ്ങളുടെ ജീവിതത്തെ കൂടുതല്‍ ദുരിത പൂര്‍ണമാക്കുന്നതിലാണ് കലാശിക്കുക.

വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയിലുണ്ടായിരുന്ന ആശയപരമായ വൈവിധ്യങ്ങള്‍ പതിനാറാം ലോക്‌സഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിന് ശേഷം കുറഞ്ഞു വരികയാണ് എന്നതിന്റെ സൂചനയാണ് ന്യൂന പക്ഷ പ്രീണനമാണ് തിരഞ്ഞെടുപ്പ് പരാജയത്തിനു കാരണമെന്നുള്ള തരത്തിലുള്ള കോണ്ഗ്രസ്സിന്റെ വിലയിരുത്തല്‍ നല്കുന്നത്. ഭൂരിപക്ഷ സമുദായങ്ങളുടെ പേരില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് ഊര്ജ്ജം പകരാനും മതേതര പ്രസ്ഥാനങ്ങളുടെ ആത്മവിശ്വാസം കെടുത്താനും മാത്രമേ ഇത്തരം വിലയിരുത്തലുകള്‍ സഹായിക്കുകയെന്നും കാന്തപുരം പ്രസ്താവനയില്‍ വ്യക്തമാക്കി.

ALSO READ  പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവർ അക്രമകാരികളല്ല: കാന്തപുരം