കോഴിക്കോട് സ്‌കൂളിലെ പീഡനാരോപണം: വ്യാജമാണെന്ന് പോലീസ്

Posted on: August 19, 2014 10:19 am | Last updated: August 19, 2014 at 10:19 am

FAKEകോഴിക്കോട്:  നഗരത്തിലെ പ്രമുഖ മാനേജ്‌മെന്റ് സ്‌കൂളിലെ 21 വിദ്യാര്‍ഥിനികളെ അധ്യാപകന്‍ പീഡിപ്പിച്ചതായി ആരോപണം. എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് തെളിഞ്ഞതായി പോലീസ് പറഞ്ഞു. എതാനും രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് ഇന്നലെ സ്വകാര്യ ചാനലുകളില്‍ വാര്‍ത്ത വന്നതോടെയാണ് സംഭവം വിവാദമായത്. വാര്‍ത്ത പുറത്തുവന്നതോടെ വിദ്യാര്‍ഥി സംഘടനകള്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി.
അഞ്ചും ഏഴും ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളോട് സ്‌കൂളിലെ ചിത്രകലാ അധ്യാപകന്‍ ലൈംഗികച്ചുവയോടെ പെരുമാറിയെന്നാണ് പരാതി. മാസങ്ങള്‍ക്ക് മുമ്പേ നടന്ന സംഭവത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നായിരുന്നു ആരോപണം. സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ നിലപാടെടുത്ത പി ടി എ പ്രസിഡന്റിനെ തത്സ്ഥാനത്തു നിന്ന് നീക്കിയതായും രക്ഷിതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു. ശിക്ഷിക്കാനെന്ന രീതിയില്‍ മുറിയിലേക്കുവിളിച്ചുവരുത്തി ശരീര ഭാഗങ്ങളില്‍ പിടിക്കുകയാണ് അധ്യാപകന്റെ പതിവെന്ന കുട്ടികളുടെ സംഭാഷണമുള്‍പ്പെടെ ഇന്നലെ ചാനലുകള്‍ വാര്‍ത്ത നല്‍കുകയായിരുന്നു.
വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എ വി ജോര്‍ജ് നേരിട്ട് സ്‌കൂളിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. സ്‌കൂളില്‍ സ്ഥാപിച്ച പോലീസിന്റെ പരാതിപ്പെട്ടിയില്‍ ചില മുതിര്‍ന്ന വിദ്യാര്‍ഥികള്‍ അധ്യാപകനെതിരെ പരാതി എഴുതിയിട്ടിരുന്നു. ഈ കുട്ടികളെ നേരിട്ടുകണ്ട് സംസാരിച്ചതോടെ പരാതിയില്‍ കഴമ്പില്ലെന്ന് വ്യക്തമായതായി കമ്മീഷണര്‍ പറഞ്ഞു.
പി ടി എയും ജാഗ്രതാ സമിതിയും നടത്തിയ അന്വേഷണത്തില്‍ അധ്യാപകന്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതാണെന്ന് സ്‌കൂളിലെ പ്രധാനാധ്യാപകനും അറിയിച്ചു. എന്നാല്‍ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പോലീസിന് വൈകാതെ പരാതി നല്‍കുമെന്നുമാണ് ആരോപണമുന്നയിച്ച രക്ഷിതാക്കള്‍ പറയുന്നത്.
അതേസമയം കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍, വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എന്നിവരോട് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍ പേഴ്‌സണ്‍ അഡ്വ. നസീര്‍ ചാലിയം സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു. സംഭവത്തില്‍ കൈക്കൊണ്ട മുഴുവന്‍ നടപടികളും സഹിതമുള്ള റിപ്പോര്‍ട്ട് ഏഴ് ദിവസത്തിനകം നല്‍കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.