Connect with us

Eranakulam

ഹൈക്കോടതി വിധി: വിദ്യാഭ്യാസമന്ത്രി രാജിവെക്കണം- ഡി വൈ എഫ് ഐ

Published

|

Last Updated

കൊച്ചി: പുതുതായി പ്ലസ് ടു ബാച്ചുകളും സ്‌കൂളുകളും അനുവദിച്ച നടപടി സ്‌റ്റേ ചെയ്ത ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുര്‍റബ്ബ് സ്ഥാനം രാജിവെക്കണമെന്ന് ഡി വൈ എഫ് ഐ. ഈ ആവശ്യമുന്നയിച്ച് ഇന്ന് തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി എം സ്വരാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഹൈക്കോടതി വിധി സര്‍ക്കാരിന്റെ വിദ്യാഭ്യാസ അഴിമതിക്കെതിരെയുള്ള നീതിപീഠത്തിന്റെ പ്രഹരമാണ്. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ റിപ്പോര്‍ട്ട് തള്ളിയാണ് പുതിയ ബാച്ചുകളും സ്‌കൂളുകളും അനുവദിച്ചത്. ഇക്കാര്യത്തിലുള്ള ഹൈക്കോടതിയുടെ ചോദ്യത്തിന് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും മറുപടി പറയണമെന്നും എം സ്വരാജ് പറഞ്ഞു.
എല്ലാ സൗകര്യങ്ങളുമുള്ള സ്‌കൂളുകളെ ഒഴിവാക്കി അനര്‍ഹര്‍ക്ക് ബാച്ചുകളും സ്‌കൂളുകളും അനുവദിച്ചു. പ്ലസ്ടു വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതികരിക്കണം. വലിയ അഴിമതി നടന്നത് തെളിഞ്ഞിട്ടും ഇതുവരെയും പ്രതികരിക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. യൂത്ത് കോണ്‍ഗ്രസ് തയ്യാറാണെങ്കില്‍ യോജിച്ച പ്രക്ഷോഭം ആകാമെന്ന് സ്വരാജ് പറഞ്ഞു.
കേരളത്തിലെ പൂട്ടിയ 418 ബാറുകള്‍ തുറക്കാനുള്ള നീക്കം എന്തുവില കൊടുത്തും തടയുമെന്ന് സ്വരാജ് പറഞ്ഞു. മദ്യത്തിന്റെ ലഭ്യത ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവരികയാണ് തങ്ങളുടെ ലക്ഷ്യം. മദ്യാസക്തിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ദൈനം ദിന ഭാഗമാക്കുമെന്നും സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്നാണ് ഡിവൈഎഫ്‌ഐയുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. കോടതി ബാറുകള്‍ തുറപ്പിക്കാതിരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സവീകരിക്കണം. കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള ശ്രമം ചെറുക്കും.
വൈദ്യൂതി നിരക്ക് വര്‍ധനക്കെതിരെ 21ന് വൈദ്യുതി സെക്ഷന്‍ ഓഫീസുകള്‍ ഉപരോധിക്കും. കെഎസ്ആര്‍ടിസിയില്‍ അഡൈ്വസ് മെമ്മോ ലഭിച്ച രണ്ടായിരം പേര്‍ക്ക് മാത്രമേ നിയമനമായിട്ടുള്ളൂ. ബാക്കിയുള്ള 7000 പേര്‍ക്ക് കൂടി നിയമനം ലഭ്യമാക്കാന്‍ 20ന് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകള്‍ക്ക് മുമ്പില്‍ ധര്‍ണ നടത്തും.
പ്ലസ് ടു അനുവദിച്ചതിലെ അപാകത നീക്കണമെന്നാവശ്യപ്പെട്ടും വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും ഇന്ന് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.