Connect with us

International

മൊസൂള്‍ അണക്കെട്ടിന്റെ നിയന്ത്രണം കുര്‍ദുകള്‍ തിരിച്ചു പിടിച്ചു

Published

|

Last Updated

ബഗ്ദാദ്: ഇറാഖിലെ മൊസൂള്‍ അണക്കെട്ടിന്റെ നിയന്ത്രണം ഇസില്‍ ഭീകരവാദികളില്‍ നിന്ന് ഖുര്‍ദിശ് സൈനികരും ഇറാഖ് ഭീകരവിരുദ്ധ സൈനികരും ചേര്‍ന്ന് തിരിച്ചുപിടിച്ചു. അമേരിക്കയുടെ വ്യോമ ആക്രമണത്തിന്റെ സഹായത്തോടെ നടത്തിയ മുന്നേറ്റത്തിനൊടുവിലാണ് ഇറാഖിലെ ഏറ്റവും വലിയ അണക്കെട്ടായ മൊസൂള്‍ ഡാമിന്റെ നിയന്ത്രണം പിടിച്ചെടുത്തതെന്ന് സൈനിക വക്താവ് ലഫ്റ്റനന്റ് ജനറല്‍ ഖാസിം അത്ത വ്യക്തമാക്കി. എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, ഇസില്‍ ഭീകരവാദ സംഘടനയെ പിന്തുണക്കുന്ന ഒരു മാധ്യമസ്ഥാപനത്തിന് നല്‍കിയ വിവരത്തില്‍, ഇപ്പോഴും ഡാമിന്റെ പൂര്‍ണ നിയന്ത്രണം തങ്ങളുടെ കൈവശം തന്നെയാണെന്ന് ഇസില്‍ അവകാശപ്പെടുന്നു. ആക്രമണം തടയുന്നതിന്റെ ഭാഗമായി ഡാമിലേക്കും ഡാമില്‍ നിന്ന് പുറത്തേക്കുമുള്ള റോഡിലും ഇസില്‍ ഭീകരവാദികള്‍ ബോംബുകള്‍ സ്ഥാപിച്ചതായി മൊസൂള്‍ ഡാം എന്‍ജിനീയര്‍ വ്യക്തമാക്കി.
ഇസിലിന്റെ നേതൃത്വത്തില്‍ ഇപ്പോഴും ന്യൂനപക്ഷങ്ങള്‍ക്കെതിരെ വന്‍ ആക്രമണമാണ് നടക്കുന്നത്. ആയിരക്കണക്കിന് യസീദികള്‍ ഇപ്പോഴും മരണഭയത്തിലാണ്. ഇതിന് മുമ്പ്, ഇറാഖിലെ പ്രസിദ്ധരായ മഹാന്‍മാരുടെ മഖ്ബറകള്‍ക്ക് നേരെയും ഇസില്‍ ഭീകരവാദികള്‍ ആക്രമണം നടത്തിയിരുന്നു. നിലവില്‍ അമേരിക്കയുടെ സഹായത്തോടെയാണ് ഇറാഖ് സര്‍ക്കാര്‍ ഇസിലിനെതിരെ പോരാടുന്നത്.